കൊല്ലം: കൊച്ചിയില്‍ മറിഞ്ഞ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറുകളില്‍ പതിനാലെണ്ണം കൊല്ലം തീരത്ത് കരയ്ക്കടിഞ്ഞു. നീണ്ടകര പരിമണം ക്ഷേത്രത്തിന് എതിർവശം രണ്ട്, പരിമണത്തെ ഹോട്ടലിന് പിറകുവശം മൂന്ന്, നീണ്ടകര ഹാർബറിന് സമീപം അഞ്ച്, കരിത്തുറ ഭാഗത്ത് ഒന്ന്, ശക്തികുളങ്ങര മദാമ്മതോപ്പ് ഒന്ന് എന്നിങ്ങനെയാണ് കണ്ടെയ്നറുകൾ എത്തിയിട്ടുള്ളത്. കരിത്തുറ ഭാഗത്തു കണ്ട കണ്ടെയ്നർ കരയിലേക്ക് കയറിയിട്ടില്ല. കണ്ടെയ്നറുകൾ ഏറ്റെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ ഉച്ചയോടെ എത്തും.
അതേസമയം ജൂൺ ഒന്ന് വരെ പ്രദേശത്ത് മീൻ പിടിത്തം നിരോധിച്ചിരിക്കുകയാണ്. തീരുവ അടയ്ക്കാതെ കൊണ്ടുവന്നിട്ടുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇതില്‍ നിന്ന് ചരക്കുകള്‍ മാറ്റുന്നത് നിയമവിരുദ്ധമാണ്. കണ്ടെയ്നറുകള്‍ കണ്ടെത്താനും നിരീക്ഷിക്കാനും കസ്റ്റംസ് മറൈന്‍ ആന്‍ഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിട്ടുണ്ട്.
കണ്ടെയ്നര്‍ കടലിലേക്ക് വീണ സംഭവത്തിന് പിന്നാലെ ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ കഴിഞ്ഞ ദിവസം ഓയിലിന്റെ സാന്നിധ്യം കണ്ടതായി സംശയമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്‍ അകലെവെച്ച് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലൂഷ്യന്‍ കണ്ട്രോള് ബോര്‍ഡിന്റെ നേത്യത്വത്തില്‍ വെള്ളം പരിശോധനയ്ക്കയച്ചിട്ടുണ്ട്. വെള്ളത്തില്‍ ഓയിലിന്റെ അംശമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധനയില്‍ കണ്ടെത്താനാകും.
