മോഹൻലാൽ അതൊരു വികാരമാണ്. തോളൊന്നു ചെരിച്ചു മുണ്ടും മടക്കി കുത്തി മീശയും പിരിച്ച് എത്തുന്ന ലാലേട്ടനാണ് മലയാള സിനിമയുടെ ബ്രാൻഡ് തന്നെ. മലയാളിയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു നടൻ ഇല്ലെന്നു തന്നെ പറയാം. അമ്മമാർക്ക് മോഹൻലാൽ മകനാണ്, പ്രണയിക്കുന്നവർക്ക് മോഹൻലാൽ ചിത്രങ്ങൾ മാതൃകയാണ്. സ്നേഹിക്കുന്നവർക്ക് ചേട്ടനും അനിയനുമാണ്. ഒരു സൂപ്പർസ്റ്റാർ എന്ന ബാരിക്കേഡ് മുന്നിൽ വയ്ക്കാതെ ആരാധകരുടെ മനസ്സിൽ താര തിളക്കവുമായി നിൽക്കുന്ന നടന്ന വൈഭവത്തിന് ഇന്ന് 65-ാം പിറന്നാള്‍.
ഏതൊരു മലയാളിയുടെയും ഉള്ളിൽ ഒരു ലാലേട്ടൻ ആരാധകൻ ഉണ്ടാകും. അടുത്തിടെ പുറത്തിറങ്ങിയ ‘തുടരും’ എന്ന സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ പ്രിയപ്പെട്ട ലാലേട്ടന്റെ ജന്മദിനം എത്തിയിരിക്കുകയാണ്.

1960 ൽ, ഇടവ മാസത്തിലെ രേവതി നാളിൽ സർക്കാർ ഉദ്യേഗസ്ഥനായ വിശനാഥൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായി പിറന്ന മോഹൻലാൽ. സ്കൂൾ പഠന കാലത്തു തന്നെ നാടകങ്ങളിലൊക്കെ കുഞ്ഞുലാൽ സജീവമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് അഭിനയത്തിനുള്ള ആദ്യത്തെ പുരസ്കാരം ലഭിച്ചത്. പിന്നീട് കോളേജ് പഠനകാലത്ത് മണിയൻപിള്ള രാജുവിനെയും പ്രിയദർശനെയും സുരേഷ് കുമാറിനെയും പോലുള്ള കൂട്ടുകാരാണ് ലാലിനെ സിനിമയിലേക്ക് എത്തിച്ചത്. തിരനോട്ടത്തിൽ തുടങ്ങി, തുടരും വരെ തുടർന്നുകൊണ്ടിരിയ്ക്കുന്ന ‘ലാലിസം’ സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോവുന്ന ഒന്നാണ്.
18-ാം വയസില്‍ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ, ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ശങ്കര്‍ നായകനായ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിലൂടെ ഒരു പുതിയ നടന വൈഭവത്തെ മലയാളി ആദ്യമായി കണ്ടറിഞ്ഞു.മോഹൻലാൽ എന്ന മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ ഗംഭീര ബോക്സ് ഓഫീസിൽ വാഴ്ചയ്ക്കാണ് 2025ന്റെ ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. കുറച്ചു കാലമായി തന്റെ താരപദവിയേയും, അഭിനയപാടവത്തെയും സംശയത്തോടെ നോക്കി കണ്ടവർക്ക്, എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ മഹാവിജയങ്ങളിലൂടെ അദ്ദേഹം മറുപടി നൽകി. ഇപ്പോൾ, മോഹൻലാൽ തന്റെ കരിയറിലെ മറ്റൊരു ത്രില്ലടിപ്പിക്കുന്ന മറ്റൊരു കാലഘട്ടത്തിലേക്ക് കടക്കുന്നുവെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൃദയപൂർവ്വം എന്ന ഫാമിലി എന്റെർറ്റൈനെർ മുതൽ, അമൽ നീരദിന്റെ ത്രില്ലറും, പരീക്ഷണ ചിത്രങ്ങളുമായി കൂടുതൽ തിരക്കിലേക്ക് നീങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടൻ.

ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ നുറുങ്ങ് സംഭാഷണമോ ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനശകലമോ ഇല്ലാതെ മലയാളിയുടെ ഒരു ദിവസം പോലും മുന്നോട്ട് നീങ്ങുന്നില്ല. ഇത്രയും ഇഴയടുപ്പമുള്ള ഒരു വൈകാരിക ബന്ധം മറ്റൊരു ചലച്ചിത്ര താരവുമായും മലയാളി ഒരുപക്ഷേ കാത്തു സൂക്ഷിക്കുന്നുമുണ്ടാവില്ല. മലയാളിയെ കരയിപ്പിക്കാനും ചിരിപ്പിക്കാനും മോഹൻലാലിനോളം കഴിവുള്ള മറ്റൊരു നടൻ വേറെയില്ല. അടുത്തൊന്നും ഒരു നടനും വളരെ പെട്ടെന്ന് തകർക്കാൻ സാധിക്കാത്ത റെക്കോർഡുകൾ മോഹൻലാൽ എന്ന നടൻ തന്റെ പേരിൽ വീണ്ടും എഴുതി ചേർത്തിരിക്കുന്നത്.
