കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ ഏക പ്രതിയായ മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോൺ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം.
മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെയ്ക്കുമെന്നുമായിരുന്നു ഭീഷണി സന്ദേശം വന്നത്. രേഖകൾ സഹിതം നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.2023 ഒക്ടോബർ 29നാണ് സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനയ്ക്കിടയിൽ സ്ഫോടനമുണ്ടായത്. പെട്രോൾ ബോംബ് ഉയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 45ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ ഏക പ്രതിയാണ് മാർട്ടിൻ. പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
