
മലയാള സിനിമയിലെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. കഴിഞ്ഞ ദിവസമായിരുന്നു സിനിമ കേരളാ ബോക്സ് ഓഫീസിലെ ടോപ് ഗ്രോസറായി മാറിയത്. ഇപ്പോഴിതാ ടിക്കറ്റ് വില്പനയിൽ ചിത്രം റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ പതിനേഴ് ദിവസമായി തുടർച്ചയായി 100 K യിൽ അധികം ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. കണക്കുകൾ പ്രകാരം 3.94 മില്യൺ ടിക്കറ്റുകളാണ് ചിത്രം മുഴുവനായി ഇതുവരെ വിറ്റു തീർത്തത്. റിലീസായി ആഴ്ചകൾ കഴിഞ്ഞും സിനിമയ്ക്ക് തിരക്ക് ഒഴിയുന്നില്ല. പല തിയേറ്ററുകളിലും ഇപ്പോഴും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു.