കോഴിക്കോട്: വേടന് പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള ആയുധമായി ലഹരിക്കേസ് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
‘വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല. പക്ഷെ വേടന് പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി ഇതിനെ കാണരുത്. അങ്ങനെ പലരും ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാവരുടെയും കാര്യത്തില്‍ ഉണ്ടാകുന്ന നീതിയും ന്യായവുമല്ല വേടന്റെ കാര്യത്തില്‍ ഉണ്ടാകുന്നതെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. ചില ആളുകളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതല്ല ലഹരിക്കെതിരായ പോരാട്ടം എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം‘, ഷാഫി പറമ്പില്‍ പറഞ്ഞു.
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവില്‍ പറഞ്ഞിരുന്നു. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്.
