
കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് സ്ഥാനാർഥിയേയും പിവി അൻവർ ഉൾക്കൊള്ളുമെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ പി അബ്ദുൽ ഹമീദ്. പിവി അൻവറിനെ അവഗണിച്ച് കൊണ്ട് യുഡിഎഫ് മുന്നോട്ട് പോകില്ല. നിലമ്പൂരിലേത് അഭിമാനകരമായ പോരാട്ടമാണെന്ന് പി അബ്ദുൽ ഹമീദ് പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പിൽ വിജയിക്കും. സ്ഥാനാർത്ഥി ആരായാലും മുസ്ലീം ലീഗ് ഇരു കയ്യും നീട്ടി സ്വീകരിക്കും. പിവി അൻവർ ഒരാൾക്ക് വേണ്ടി ശബ്ദിച്ചിട്ടില്ലെന്നും അൻവർ യുഡിഎഫിന് ഒപ്പം നിൽക്കണമെന്നും അദേഹം പറഞ്ഞു.
തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യത ഇല്ലെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി അൻവർ വേണം. അതിന് അനുയോച്യമായ നിലപാട് യുഡിഎഫ് നേതൃത്വം എടുക്കുമെന്ന് അബ്ദുൽ ഹമീദ് വ്യക്തമാക്കി. അതേസമയം തൃണമൂൽ കോൺഗ്രസ് വഴി പി.വി അൻവർ യു.ഡി.എഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിൽ ധാരണ. നിലമ്പൂരിൽ പൂർണ്ണ പിന്തുണ അഭ്യർത്ഥിക്കും. ചർച്ചയ്ക്ക് അങ്ങോട്ട് കോൺഗ്രസ് നേതാക്കൾ മുൻകൈ എടുക്കേണ്ടെന്നും തീരുമാനമുണ്ട്. അൻവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഈയാഴ്ച തന്നെ പി.വി അൻവറുമായി ചർച്ച നടത്തുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്.