പോലീസ് സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തോക്കുകള്‍ വാങ്ങാനൊരുങ്ങി കേരള പോലീസ്. സേനയ്ക്ക് വേണ്ടി 250 എ.കെ-203 തോക്കുകള്‍ വാങ്ങാനാണ് നീക്കം. ഏതാണ്ട് 2.5 കോടി രൂപയുടെ ഇടപാടാണ് നടക്കുക. കേരള പോലീസിന്റെ കൈവശമുള്ള ഇന്‍സാസ് അടക്കമുള്ള പഴക്കം ചെന്ന തോക്കുകള്‍ മാറ്റി കൂടുതല്‍ കൃത്യതയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. മാര്‍ച്ച് 31-നാണ് തോക്കുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ വന്നത്.
സേനയ്ക്ക് വേണ്ടി എ.കെ-203 റൈഫിളുകള്‍ വാങ്ങാനുദ്ദേശിച്ചാണ് ടെന്‍ഡര്‍ വിളിച്ചത്. ഇന്ത്യയില്‍ ഈ തോക്കുകള്‍ നിര്‍മിക്കുന്ന ഒരേയൊരു കമ്പനിയേയുള്ളു. അത് ഐ.ആര്.ആര്.പി.എല്‍ (ഇന്‍ഡോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്) ആണ്. ടെന്‍ഡറില്‍ പങ്കെടുക്കുമെന്ന് ഐ.ആര്.ആര്.പി.എല്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി അമേത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍ഡോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ ഇടപാട് നടന്നാല്‍ എ.കെ-203 തോക്കുകള്‍ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായി കേരള പോലീസ് മാറും.
നിലവിൽ കേരള പോലീസിന്റെ പക്കല്‍ എ.കെ-47, ഇന്‍സാസ്, ജര്‍മ്മൻ കമ്പനിയായ ഹെക്കര്‍ ആന്‍ഡ് കോഷിന്റെ എംപി5 എന്നീ തോക്കുകളാണ് ഉള്ളത്. ഇതിനൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകളും പോലീസിന്റെ പക്കലുണ്ട്. നിലവില്‍ ഇന്ത്യന്‍ സൈന്യം മാത്രമാണ് എ.കെ-203 തോക്കുകള്‍ ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ കൈവശം ഏകദേശം ഒരുലക്ഷത്തോളം എ.കെ-203 തോക്കുകളാണ് ഉള്ളത്. ഏത് സാഹചര്യത്തിലും കാര്യക്ഷമതയോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന ആയുധമായാണ് ഇതിനെ വിലയിരുത്തുന്നത്.
