
കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ്. പവന് വില 70000 എന്ന മാന്ത്രിക സംഖ്യ സ്വര്‍ണം പിന്നിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 70000 പിന്നിടുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ചൈന-അമേരിക്ക വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണമാകുന്നത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ടത് 8770 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രാം നിരക്കാണിത്. ഇത് പ്രകാരം ഒരു പവന് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത് 200 രൂപയാണ്. ഇതോടെ ഇന്നലെ 69960 ആയിരുന്ന സ്വര്‍ണവില ഇന്ന് 70160 ല്‍ എത്തി. അവിശ്വസനീയമായ കുതിപ്പാണ് സ്വര്‍ണം ഈ ആഴ്ചയില്‍ നടത്തിയത്. വ്യാഴാഴ്ച ഒറ്റ ദിവസം കൊണ്ട് പവന് വിലയില്‍ 2160 രൂപയും ഇന്നലെ 1480 രൂപയും ആയിരുന്നു വര്‍ധിച്ചിരുന്നത്.
കേരളത്തില്‍ വിവാഹ സീസണ് ആയതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ വര്‍ധനവ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. വിവാഹത്തിന് ആഭരണമായാണ് എല്ലാവരും സ്വര്‍ണം വാങ്ങിക്കുക. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പവന് വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവ കൂടി കൊടുക്കണം.