
എന്ത് പേര് നൽകണമെന്ന് നഗരസഭ ചെയർപേഴ്സന്റെ വിവേചന അധികാരമാണെന്നും പാലക്കാട് നഗരസഭ വൈസ് ചെയർമാൻ
പാലക്കാട്: ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രവുമായി മുന്നോട്ട് തന്നെയെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെബി ഹെഡ്ഗേവാറിന്റെ പേരിൽ തന്നെ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്ത് പേര് നൽകണമെന്ന് നഗരസഭ ചെയർപേഴ്സന്റെ വിവേചന അധികാരമാണ്. ആർഎസ്എസ് സ്ഥാപകൻ ഡോ കെ.ബി. ഹെഡ്ഗേവാറിന്റെ പേരിൽ തന്നെ കേന്ദ്രം ആരംഭിക്കും.. മുൻ കൗൺസിലുകളിൽ വിഷയം ചർച്ചയ്ക്ക് വെച്ച് പാസാക്കിയതാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. കേസിന് പോയാൽ പ്രതിപക്ഷം തോറ്റു തുന്നം പാടുമെന്നും വൈസ് ചെയർമാൻ പറഞ്ഞു. ഇന്നലെയായിരുന്നു പരിപാടിയുടെ തറക്കല്ലിടൽ സമയത്ത് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. തുടർന്ന് പ്രവർത്തരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴവെച്ചായിരുന്നു പ്രതിഷേധിച്ചത്.
അതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് തറക്കല്ലിടല്‍ പരിപാടി നടക്കുന്നതിനിടെ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ബ്ലോക്ക് ഭാരവാഹികളുമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭയുടെ നൈപുണ്യവികസന കേന്ദ്രത്തിന് ഒരു കാരണവശാലും ആര്‍എസ്എസ് നേതാവിന്റെ പേരിടാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തറക്കല്ലിടല്‍ ചടങ്ങിനായി കൊണ്ടുവച്ച ഫലകവും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.