
ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച്ച പ്രസവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളെ സഹായിച്ചവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, ആരോഗ്യമേഖലയില്‍ ലോകനിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ചിലയിടത്ത് വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) പറഞ്ഞു. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവില്‍ നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഇരകളാണ് ഈയിടെ ജീവന് നഷ്ടപ്പെട്ട നമ്മുടെ സഹോദരിമാരെന്നും ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നോക്കിനില്ക്കാന് പരിഷ്കൃത സമൂഹത്തിനാവില്ലെന്നും ഐഎംഎ പറയുന്നു. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും നല്‍കേണ്ട ആരോഗ്യസേവനങ്ങളില്‍ വീഴ്ച്ചവരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി നിര്‍വചിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും എങ്കില്‍മാത്രമേ ഇത്തരം ദുരന്തങ്ങള്‍ തടയാനും അതിനുവഴിയൊരുക്കുന്ന അധമ ചിന്താഗതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സാധിക്കൂവെന്നും ഐഎംഎ പറഞ്ഞു.