ആരോഗ്യമന്ത്രിയാണ് കുഞ്ഞിന് നിധി എന്ന പേരിട്ടത്
കൊച്ചി: ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഏറ്റെടുത്തു. കുഞ്ഞിന് ആരോഗ്യമന്ത്രി നിധി എന്ന് പേരിട്ടു. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞിനെ അച്ഛനും അമ്മയും ഉപേക്ഷിച്ച് പോകുകയായിരുന്നു.പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് രഞ്ജിതയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനുവരി 29നാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.
ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ‘ബേബി ഓഫ് രഞ്ജിത’ എന്ന മേൽവിലാസത്തിലാണ് ചികിത്സിച്ചിരുന്നത്. കുഞ്ഞിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ വ്യക്തമാക്കിയിരുന്നു.
