നവ്യ അഖിലേഷ്
ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് എല്ലാ മലയാളികളും. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അതായത് രാത്രിയും പകലും തുല്യമായ ദിവസം. അന്നേ ദിവസത്തെ ആദ്യ കാഴ്ചയ്ക്കുമുണ്ട് പ്രത്യേകത. വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷയില്‍, വിഷുക്കണിയായി സമ്പല്സമൃദ്ധമായ കാഴ്ചകളാണ് ഓട്ടുരുളിയിലൊരുക്കുന്നത്.
കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ഓട്ടുരുളിയില്‍ നിറഞ്ഞ പ്രകൃതിവിഭവങ്ങളും നാളികേര മുറിയില്‍ എണ്ണ ഒഴിച്ച് തെളിയിച്ച് തിരിയുമായി വിഷുക്കണി കണ്ടാണ് അന്നേ ദിവസം തുടങ്ങുന്നത്. ഐശ്വര്യസമ്പൂര്‍ണമായ, പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണ് സംഭവിക്കുകയെന്നാണ് വിശ്വാസം
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.

വിഷുവിൻ്റെ ഐതീഹ്യം
രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിൻ്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന് രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന് നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.വിഷിവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?
വിളവെടുപ്പിന്റെ ഉത്സവം കൂടിയായ വിഷുവിന് കാര്‍ഷിക വിളകള്‍ക്ക് തന്നെയാണ് കണിയില്‍ പ്രാധാന്യം. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറക്കണം. ധാന്യസമൃദ്ധിയെയാണ് ഇത് സൂചിപ്പിക്കുന്നത്. അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും ഇതിന് മുകളില്‍ വെക്കാം. പ്രകൃതിയുടെ പ്രതിഫലനത്തിനൊപ്പം നമ്മുടെ തന്നെ ജീവാത്മാവാണ് വാല്‍ക്കണ്ണാടിയിലൂടെ പ്രതിഫലിക്കുന്നത്. കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയ്ക്കൊപ്പം ചക്ക, മാങ്ങ തുടങ്ങി എല്ലാ പഴങ്ങളും ഓട്ടുരുളിയില്‍ മനോഹരമായി വെക്കാം. ഇതിനൊപ്പം കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും വെള്ളം നിറച്ച കിണ്ടിയും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹമോ ചിത്രമോ വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്.
വാൽക്കണ്ണാടി ഭഗവതിയെ സങ്കൽപ്പിച്ചാണ് ഉരുളിയിൽ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിൻ്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കൽപ്പം. കണിക്കൊന്ന പൂക്കൾ കാലപുരുഷൻ്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്. ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ഇതോടൊപ്പം ഒരു വർഷം മുഴുവൻ അകകണ്ണിൽ ഈ ദൃശ്യം തിളങ്ങി നിൽക്കാതിരിക്കില്ല.

കണി കാണേണ്ടത് എപ്പോള്‍?
ബ്രഹ്മമുഹൂര്‍ത്തത്തില്‍ വിഷുക്കണി കാണണമെന്നാണ് വിശ്വാസം. രാത്രിയിലെ പതിനാലാമത്തെ മുഹൂര്‍ത്തമാണിത്. അതായത് സൂര്യോദയം ആറ് മണിക്കാണെങ്കില്‍, പുലര്‍ച്ചെ 4.24ന് ബ്രഹ്മമുഹൂര്‍ത്തം തുടങ്ങും. 5.12ഓടെ അവസാനിക്കുകയും ചെയ്യും. എന്നാല്‍ ബ്രഹ്മമുഹൂര്‍ത്തം എപ്പോഴാണെന്ന കാര്യത്തില്‍ ചില വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്.ഈ സമയത്ത് കണി കാണാന്‍ സാധിക്കാത്തവര്‍ക്ക് സൂര്യന് ഉദിച്ച് രണ്ട് നാഴിക കഴിയുന്നതിനുള്ളില്‍ കണി കാണുന്നത് ഉത്തമമാണെന്നും പറയുന്നു. കണി കാണുമ്പോള്‍ കണിയൊരുക്കിയിരിക്കുന്ന മുഴുവന്‍ വസ്തുക്കളിലേക്കും കണ്ണെത്തണം എന്നാണ് വിശ്വാസം.

വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങള്‍ക്ക് സമ്മാനമാണ് വിഷുക്കൈനീട്ടം. കണി ഒരുക്കുന്നത് വീട്ടിലെ അമ്മമാരാണെങ്കിൽ കൈനീട്ടം നൽകുന്നത് ഗ്രഹനാഥനാണ്. വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.

വിഷുഫലം
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.
