30 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചതായി യുക്രെയ്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും അറിയിച്ചു
റിയാദ്: മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക നീക്കം. റഷ്യയുമായുള്ള യുദ്ധത്തിൽ മുപ്പത് ദിവസത്തെ വെടിനിർത്തിലിന് തയ്യാറെന്ന് യുക്രെയ്ന് അറിയിച്ചു. സൗദി അറേബ്യയിൽ യുഎസും യുക്രെയ്ന് ഉദ്യോഗസ്ഥരും തമ്മിൽ നടന്ന നിർണായക സമാധാന ചർച്ചയിലായിരുന്നു തീരുമാനം. 30 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശിച്ച അംഗീകരിച്ചതായി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി അറിയിച്ചു. എട്ട് മണിക്കൂറോളം നീണ്ട് നിന്ന ചർച്ചയ്ക്ക് ഒടുവിലായിരുന്നു തീരുമാനം. എന്നാൽ തീരുമാനത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

ജിദ്ദയിലെ ചര്‍ച്ചയിലൂടെ അമേരിക്കയും യുക്രൈനും ചേര്‍ന്ന് ഒരു നിര്‍ണായക ചുവട് മുന്നോട്ടുവച്ചിട്ടുണ്ടെന്നും റഷ്യയും അതിനൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കരോലിന് ലെവിറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇക്കാലമത്രയും സ്വന്തം രാജ്യത്തെ പ്രതിരോധിക്കാന്‍ യുക്രൈന് ജനത കാട്ടിയ ധീരതയെ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്ക പുറത്തിറക്കിയ സംയുക്ത പ്രസ്താവന അഭിനന്ദിച്ചു. പോരാട്ടത്തിന്റെ സമയം അവസാനിച്ചെന്നും ഇനി സമാധാനം പുനസ്ഥാപിക്കേണ്ട സമയം വന്നെത്തിയെന്നും പ്രസ്താവനയിലുണ്ട്.
സൗദിയുടെ മധ്യസ്ഥതയില്‍ അമേരിക്കയുടേയും യുക്രെയിന്റേയും പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് , സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായിദ് അല്‍ ഐബാന് എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി യുക്രെയിന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്നലെ സൗദി സന്ദര്‍ശിച്ചിരുന്നു. ഇരുവരും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

നേരത്തെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുൻകൈ എടുത്തിരുന്നു. യുക്രെയ്നെ പങ്കാളികളാക്കാതെ റഷ്യയും അമേരിക്കയും നടത്തിയ ചർച്ചകളെ യുക്രെയ്ൻ അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ മാർച്ച് 1ന് വൈറ്റ് ഹൗസില്‍ ട്രംപും സെലന്‍സ്കിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ചര്‍ച്ചയ്ക്കെത്തിയിരുന്നു. തുടക്കത്തില്‍ സമാധാനപരമായി തുടങ്ങിയ ചര്‍ച്ച പിന്നീട് വാഗ്വാദത്തിലാണ് കലാശിച്ചത്. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയ്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടത് സെലന്‍സ്കിയെ ചൊടിപ്പിച്ചു. കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലന്‍സ്കിയുടെ മറുപടി. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടക്കുകയായിരുന്നു. സെലന്‍സ്കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു.
മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലന്‍സ്കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവന് വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സെലന്‍സ്കിയ്ക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ ട്രംപ് തുടരുന്നതിനിടെയാണ് യുക്രെയ്ൻ താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ചിരിക്കുന്നത്.
