ചൈനയും ഇന്ത്യയും പരസ്പര വിജയത്തിന് സംഭാവന നൽകുന്ന പങ്കാളികളാണെന്ന് ഞാൻ വിശ്വസിക്കുന്നു’
ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. യുഎസുമായും പാശ്ചാത്യ രാജ്യങ്ങളുമായും വ്യാപാര യുദ്ധം തുടരുന്നതിനിടയിലാണ് സുപ്രധാന പരാമർശവുമായി വാങ് യി രംഗത്തെത്തിയിരിക്കുന്നത്.
ചൈനയും ഇന്ത്യയും പരസ്പര വിജയത്തിന് സംഭാവന നൽകുന്ന പങ്കാളികളാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആധിപത്യത്തെയും അധികാര രാഷ്ട്രീയത്തെയും എതിർക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും നേതൃത്വം വഹിക്കാന്‍ സാധിക്കും. രണ്ട് വലിയ വികസ്വര രാജ്യങ്ങൾ എന്ന നിലയിൽ, നമ്മുടെ രാജ്യങ്ങളുടെ വികസനവും പുനരുജ്ജീവനവും ത്വരിതപ്പെടുത്തുന്നതാൻ നമ്മുക്ക് സാധിക്കും. പരസ്പരം താഴ്ത്തിക്കെട്ടുന്നതിനു പകരം പിന്തുണയ്ച്ചാൽ ഇരുരാജ്യങ്ങൾക്കും പ്രയോജനമുണ്ടാകുമെന്നും വാങ് യി പറഞ്ഞു. ബെയ്ജിങിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ മൂന്നാം സെഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വാങ് യിയുടെ ആഹ്വാനം.
പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ നഗരമായ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രണ്ടുതവണ വാങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
