ജോർദാൻ അതിർത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേൽ പെരേര ജോർദാൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു. മരണവിവരം എംബസിയിൽ നിന്ന് ഇ മെയിൽ സന്ദേശം വഴി കുടുംബത്തെ അറിയിച്ചു. ഗബ്രിയേലിന് ഒപ്പമുണ്ടായിരുന്ന വെടിയേറ്റ മേനംകുളം സ്വദേശി എഡിസൻ നാട്ടിൽ തിരിച്ചെത്തി.
വിസിറ്റിങ് വിസയിലാണ് ഗബ്രിയേലും എഡിസനും ജോർദാനിൽ എത്തിയത്. ഫെബ്രുവരി പത്തിന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടുപേർ ഇസ്രായേൽ പട്ടാളത്തിൻ്റെ പിടിയിലായി ഇസ്രായേലിൽ ജയിലിലാണ്.
ഫെബ്രുവരി അഞ്ചിന് വേളാങ്കണ്ണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഗബ്രിയേൽ ഫെബ്രുവരി 9ന് വീട്ടിൽ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചു. അതിന് ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും എംബസിയിൽ നിന്ന് ഇ-മെയിൽ ലഭിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്നും ബന്ധു പറഞ്ഞു. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ഗബ്രിയേൽ ഇസ്രായേലിലേക്ക് പോയതെന്നും മൃതദേഹം നാട്ടിലെത്തിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.
