
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മില്‍ അതി രൂക്ഷമായ പരസ്യ വാക്പോരിനാണ് ലോകം സാക്ഷിയായി. റഷ്യ-യുക്രൈൻ യുദ്ധത്തിൽ എന്ത് തരം നയമാണ് അമേരിക്കയുടേത് എന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. തർക്കത്തിന് പിന്നാലെ സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ഓവൽ ഓഫീസിലെ
ചർച്ച തുടങ്ങിയത്.
വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഇല്ലാതെയായിരുന്നു ചർച്ച. വൈസ് പ്രസിഡന്റും യുക്രെയ്ന്റെ രൂക്ഷ വിമർശകനുമായ ജെഡി വാൻസുമാണ് വിദേശകാര്യ സെക്രട്ടറിക്ക് പകരമുണ്ടായിരുന്നത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ആജ്ഞാപിക്കുകയും മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്നും ട്രംപ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ആഞ്ഞടിച്ചു.
യുക്രെയ്നെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഒരു ചർച്ചയാണ് ഇങ്ങനെ അവസാനിച്ചത്. സമാധാനം ആവശ്യമെന്നുതോന്നിയാൽ സെലൻസ്കിക്ക് തിരിച്ചുവരാമെന്ന് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. വൈറ്റ് ഹൗസിന് പുറത്തിറങ്ങിയ സെലൻസ്കി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിന്നില്ല. പിന്നിട് എക്സില്‍ സെലൻസ്കി ട്രംപിന് നന്ദി പറഞ്ഞു. വിഷയം റഷ്യന്‍ മാധ്യമങ്ങളും ചര്‍ച്ചയാക്കുകയാണ്. വിഷയത്തില്‍ മൗനം പാലിച്ച് സ്ഥിതി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ നീക്കം.
വാക്കുതർക്കങ്ങൾക്കൊടുവിൽ ധാതുക്കരാർ ഒപ്പുവെയ്ക്കാതെയാണ് സെലൻസ്കി മടങ്ങിയത്. യുക്രൈനിൽ തങ്ങൾ ചിലവഴിച്ച പണത്തിന് പകരമായി അവിടുത്തെ പ്രകൃതി വിഭവ വ്യവസായങ്ങളുടെ പകുതി വരുമാനം തങ്ങൾക്ക് കൈമാറണമെന്നതായിരുന്നു യുഎസിന്റെ ആ കരാർ. ചർച്ച അലസിപ്പിരിഞ്ഞതോടെ ഈ ധാതു കൈമാറ്റ കരാറിലും സെലൻസ്കി ഒപ്പുവെച്ചില്ല.
ട്രംപുമായുളള ചർച്ച തർക്കത്തിൽ കലാശിച്ചതോടെ യൂറോപ്യൻ ലോകനേതാക്കളും സെലൻസ്കിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സമയങ്ങളിലും യുക്രൈനിനൊപ്പമെന്ന് പറഞ്ഞാണ് ജർമനി പിന്തുണ നൽകുന്നത്. റഷ്യ മാത്രമാണ് ഒരേയൊരു അക്രമകാരിയെന്നും, നിരന്തരം ആക്രമിക്കപ്പെടുന്ന ജനത യുക്രൈനിലേതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും, യുദ്ധം നീണ്ടുപോകുമോ എന്നതും, സമാധാനം ഒരു ചോദ്യചിഹ്നമാകും എന്നതുമാണ് ചർച്ച അലസിപ്പിരിഞ്ഞതിലെ ഏറ്റവും വലിയ പ്രശ്നം.