Qatar's Emir Sheikh Tamim bin Hamad Al-Thani and Indian Prime Minister Narendra Modi, right, preside over signing of agreements in New Delhi,India, Tuesday, Feb. 18, 2025. (AP Photo/Manish Swarup)
ന്യൂഡല്‍ഹി: ഇന്ത്യയും ഖത്തറും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളില്‍ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെയും സാന്നിധ്യത്തില്‍ ആണ് കരാര്‍ ഒപ്പുവച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തിയത്. ഹൈദരാബാദ് ഹൗസിലായിരുന്നു ഖത്തര്‍ അമീറിന്റെ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച. ഖത്തറില്‍ നിന്ന് ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തര്‍ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുന്‍ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചര്‍ച്ചയായെന്നാണ് സൂചന.
രാഷ്ട്രപതിയുമായും ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൂടിക്കാഴ്ച നടത്തി. പ്രോട്ടോക്കോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നരേന്ദ്ര മോദി ഖത്തര്‍ അമീറിനെ വരവേറ്റത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അമീര്‍ ഇന്ത്യയിലെത്തിയത്. ഖത്തര്‍ അമീറിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനിയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീര്‍ കൂടിക്കാഴ്ച നടത്തി.
