വാഷിംഗ്ടൺ: നാറ്റോ അംഗമായ ഡെൻമാർക്കിന്റെ അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനായി സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള വിവിധ ഓപ്ഷനുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ച ചെയ്യുന്നതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഗ്രീൻലാൻഡ് അമേരിക്കയുടെ “ദേശീയ സുരക്ഷാ മുൻഗണന”യാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു .
ട്രംപിന്റെ ഗ്രീൻലാൻഡ് അഭിലാഷങ്ങൾക്കെതിരെ ഡെൻമാർക്കിന് പിന്തുണ പ്രഖ്യാപിച്ച് യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്പെയിൻ എന്നിവ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. സുരക്ഷാ കാരണങ്ങളാൽ യുഎസിന് ഗ്രീൻലാൻഡ് “ആവശ്യമാണ്” എന്ന നിലപാട് ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. ഇതിന് മറുപടിയായി, യുഎസിന്റെ ഏതെങ്കിലും ആക്രമണം നാറ്റോയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുമെന്ന മുന്നറിയിപ്പാണ് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ നൽകിയത്.
“ഈ വിദേശനയം ലക്ഷ്യം കൈവരിക്കാൻ നിരവധി മാർഗങ്ങൾ പ്രസിഡന്റ് പരിഗണിക്കുന്നുണ്ട്. യുഎസ് സൈന്യത്തിന്റെ ഉപയോഗവും കമാൻഡർ-ഇൻ-ചീഫിന്റെ അധികാരപരിധിയിൽ വരുന്ന ഒരു ഓപ്ഷനാണ്,” എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ ഗ്രീൻലാൻഡിനെ ആക്രമിക്കാനുള്ള പദ്ധതി ഇല്ലെന്നും, ദ്വീപ് ഡെൻമാർക്കിൽ നിന്ന് വാങ്ങുക എന്ന ആശയമാണ് പരിഗണിച്ചതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിയമസഭാംഗങ്ങളോട് പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗ്രീൻലാൻഡിലും ഡെൻമാർക്കിലും ആശങ്ക വർധിച്ച സാഹചര്യത്തിൽ, റൂബിയോയെ ഉടൻ കാണണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. “ചില തെറ്റിദ്ധാരണകൾ പരിഹരിക്കേണ്ടതുണ്ട്” എന്നാണ് ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സെൻ പ്രതികരിച്ചത്.
യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ, “ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങളുടേതാണ്. ഡെൻമാർക്കും ഗ്രീൻലാൻഡും മാത്രമേ അവരുടെ ബന്ധങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിയൂ” എന്ന് ഊന്നിപ്പറഞ്ഞു. യുഎൻ ചാർട്ടറിലെ പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ പ്രസ്താവനയെ സ്വാഗതം ചെയ്തു. “അന്താരാഷ്ട്ര നിയമവും പ്രദേശിക സമഗ്രതയും മാനിക്കുന്ന ബഹുമാനപൂർണ്ണമായ സംഭാഷണമാണ് ആവശ്യം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
57,000 മാത്രം ജനസംഖ്യയുള്ള ഗ്രീൻലാൻഡിന് 1979 മുതൽ വിപുലമായ സ്വയംഭരണമുണ്ടെങ്കിലും പ്രതിരോധവും വിദേശനയവും ഡെൻമാർക്കിന്റെ നിയന്ത്രണത്തിലാണ്. ഡെൻമാർക്കിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യം വ്യാപകമാണെങ്കിലും, യുഎസിന്റെ ഭാഗമാകുന്നതിനെതിരെ ശക്തമായ എതിർപ്പാണ് ഗ്രീൻലാൻഡിൽ നിലനിൽക്കുന്നത്.
ആർട്ടിക് മേഖലയിലെ മഞ്ഞുരുകൽ പുതിയ വ്യാപാര പാതകൾ തുറക്കുകയും അപൂർവ ഭൗമ നിക്ഷേപങ്ങളിലേക്കുള്ള റഷ്യ-ചൈന താൽപ്പര്യം വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാന പ്രസക്തി ഉയരുന്നത്. “ആവശ്യമായാൽ നമുക്ക് പോകേണ്ട പരിധിവരെ പോകും” എന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.
