വാഷിങ്ടൺ: വെനസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങൾക്കും നിക്കോളാസ് മഡുറോയുടെ പുറത്താക്കലിനും പിന്നാലെ, രാജ്യം കടുത്ത യുഎസ് സമ്മർദത്തിലാണെന്ന റിപ്പോർട്ടുകൾ.
ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തോട് ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായാണ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
വെനസ്വേലയുടെ എണ്ണ ഉത്പാദനം പുനരാരംഭിക്കുന്നതിനും അന്താരാഷ്ട്ര വിപണിയിൽ സജീവമാകുന്നതിനും ട്രംപ് ഭരണകൂടം പ്രധാനമായും രണ്ട് നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങൾ അവസാനിപ്പിക്കുകയും അവരെ രാജ്യത്തുനിന്ന് പുറത്താക്കുകയും വേണം.എണ്ണ ഉത്പാദനത്തിൽ അമേരിക്കയുമായി മാത്രം സഹകരിക്കുക. അസംസ്കൃത എണ്ണ വിൽക്കുമ്പോൾ അമേരിക്കയ്ക്ക് ഒന്നാം പരിഗണന നൽകണം.
“ആദ്യം തന്നെ ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളെ വെനസ്വേല പുറത്താക്കണം. അതിനുശേഷം മാത്രമേ എണ്ണ ഉത്പാദനത്തിൽ സഹകരണം സാധ്യമാകൂ,” എന്ന് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
വെനസ്വേലയുടെ എണ്ണ ശേഖരത്തിന്റെ വലിയൊരു ഭാഗം നിലവിൽ ചൈനയാണ് വാങ്ങിയിരുന്നത്. എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം കാരണം എണ്ണ ശേഖരിക്കാൻ ഇടമില്ലാതെ വെനസ്വേലയിലെ എണ്ണക്കിണറുകൾ അടച്ചുപൂട്ടേണ്ടി വന്നു. എണ്ണ ടാങ്കറുകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും, ഇത് വെനസ്വേലയ്ക്ക് മേൽ സമ്മർദം ചെലുത്താൻ യുഎസിനെ സഹായിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സെനറ്റർമാരെ അറിയിച്ചു. കൈവശമുള്ള എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ വെനസ്വേലയുടെ സാമ്പത്തിക നില ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായും തകരുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
വെനസ്വേല ഏകദേശം 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ യുഎസിന് കൈമാറുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ എണ്ണ വിപണിവിലയ്ക്ക് വിൽക്കുമെന്നും, അതിൽനിന്നുള്ള വരുമാനം താൻ നേരിട്ട് നിയന്ത്രിക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. ഈ പണം വെനസ്വേലയുടെയും അമേരിക്കയുടെയും ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടി നാടുകടത്തിയതോടെയാണ് വെനസ്വേലയിൽ രാഷ്ട്രീയ അനിശ്ചിതത്വം ആരംഭിച്ചത്. നിലവിൽ ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെങ്കിലും, വെനസ്വേലയുടെ നിയന്ത്രണം വാഷിങ്ടണിന്റെ കൈപ്പിടിയിലാണെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്.
