കാരക്കാസ്: വെനസ്വേലയിലെ പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ തലസ്ഥാനമായ കാരക്കാസിന് സമീപമുള്ള ഹിഗരറ്റ് ഉൾപ്പെടെ നാല് വിമാനത്താവളങ്ങൾ തകർന്നതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . പ്രസിഡന്റ് നിക്കോളാസ് മദൂറോയ്ക്ക് രാജ്യം വിട്ടുപോകാനുള്ള എല്ലാ പഴുതുകളും അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തലസ്ഥാനമായ കാരക്കാസിന് കിഴക്കുള്ള ഹിഗരറ്റ് ഉൾപ്പെടെ നാല് വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ഈ സ്ഫോടനങ്ങൾക്ക് തങ്ങളുടെ റിപ്പോർട്ടർമാർ സാക്ഷികളായതായി സിഎൻഎൻ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
പുലർച്ചെ 1.50-ഓടെയാണ് നാടിനെ നടുക്കിയ ആദ്യ സ്ഫോടന ശബ്ദം കേട്ടത്. തങ്ങൾ താമസിച്ചിരുന്ന മുറിയിലെ ജനലുകൾ പോലും സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ തകരുന്ന നിലയിലായെന്ന് സിഎൻഎൻ റിപ്പോർട്ടർ ഓസ്മാരി ഹെർണാണ്ടസ് വെളിപ്പെടുത്തി. സ്ഫോടനത്തിന് തൊട്ടുപിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആകാശത്ത് യുദ്ധവിമാനങ്ങളുടെ ഇരമ്പൽ കേട്ടതായും, ചക്രവാളത്തിൽ ഓറഞ്ച് നിറത്തിലുള്ള അഗ്നിപ്രഭ പടരുന്നതിന്റെ ദൃശ്യങ്ങൾ കണ്ടതായും മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.
