രോഗിയുമായി പറക്കുകയായിരുന്ന മെക്സികൻ നാവികസേനയുടെ ചെറുവിമാനം ടെക്സസിലെ ഗാൽവെസ്റ്റണിന് സമീപം തകർന്നു വീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ തിരിച്ചറിയൽ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.Mexican Navy plane crashes, 5 dead
ഗുരുതരമായി പൊള്ളലേറ്റ മെക്സിക്കൻ കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന ‘മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷൻ’ എന്ന സംഘടനയിലെ അംഗങ്ങളായ രണ്ട് പേരും വിമാനത്തിലുണ്ടായിരുന്നു. നാല് നാവികസേന ഉദ്യോഗസ്ഥരും ഒരു കുട്ടിയുമുൾപ്പെടെ ആകെ എട്ട് പേരാണ് യാത്ര ചെയ്തിരുന്നതെന്ന് മെക്സികൻ നാവികസേന അറിയിച്ചു.
ഹ്യൂസ്റ്റണിൽ നിന്ന് ഏകദേശം 50 മൈൽ (80.5 കിലോമീറ്റർ) തെക്കുകിഴക്കായി, ടെക്സസ് തീരത്ത് ഗാൽവെസ്റ്റണിനടുത്തുള്ള കോസ്വേയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രാദേശിക ഏജൻസികളുടെ നേതൃത്വത്തിൽ സ്ഥലത്ത് വിശദമായ പരിശോധനയും നടത്തിയതായി അധികൃതർ അറിയിച്ചു.
