നേപ്യിഡോ: മ്യാൻമറിൽ സൈനിക ഭരണകൂടം തടങ്കലിലാക്കിയ ജനാധിപത്യ അവകാശ പ്രവർത്തകയും നോബേൽ പുരസ്കാര ജേതാവുമായ ഓങ് സാൻ സൂ ചി ആരോഗ്യവതിയാണെന്ന് സൈന്യം അവകാശപ്പെട്ടു. സൂ ചി മരിച്ചിട്ടുണ്ടാകാമെന്ന സൂചനയോടെ മകൻ കിം ആരിസ് പരസ്യമായി പ്രതികരിച്ചതിന് പിന്നാലെയാണ് ഭരണകൂടം ഇക്കാര്യം അറിയിച്ചത്.Myanmar military says Aung San Suu Kyi is healthyMyanmar military says Aung San Suu Kyi is healthy
എന്നാൽ, ഈ അവകാശവാദം സാധൂകരിക്കുന്ന യാതൊരു തെളിവും സൈന്യം പുറത്തുവിട്ടിട്ടില്ല. അടുത്തകാലത്തെ ഫോട്ടോ, മെഡിക്കൽ റിപ്പോർട്ട് എന്നിവ ഒന്നും നൽകിയിട്ടില്ലെന്നും, കുടുംബാംഗങ്ങൾക്കും ഡോക്ടർമാർക്കും അന്താരാഷ്ട്ര നിരീക്ഷകർക്കും സൂ ചിയെ കാണാൻ അനുമതി നിഷേധിച്ചിരിക്കുകയാണെന്നും കിം ആരിസ് ചൂണ്ടിക്കാട്ടി. “അവർ ശരിക്കും ആരോഗ്യവതിയാണെങ്കിൽ അത് തെളിയിക്കാൻ ഭരണകൂടത്തിന് കഴിയുമായിരുന്നു,” എന്നായിരുന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ രണ്ട് വർഷമായി അമ്മയെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും, അതിനാൽ തന്നെ അവർ മരിച്ചിട്ടുണ്ടാകാമെന്ന ആശങ്കയുണ്ടെന്നുമാണ് കിം ആരിസ് വ്യക്തമാക്കിയത്. രാജ്യദ്രോഹം, അഴിമതി, തെരഞ്ഞെടുപ്പ് ക്രമക്കേട് തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തി സൈനിക ഭരണകൂടം സൂ ചിക്ക് 27 വർഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
സൂ ചി ആദ്യം നേപ്യിഡോയിലെ ജയിലിൽ ഏകാന്ത തടവിലാണെന്നായിരുന്നു വിവരം. പിന്നീട് അവരെ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 2021 ഫെബ്രുവരി ഒന്നിന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം അട്ടിമറിച്ചതിന് പിന്നാലെയാണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേതാവായ ഓങ് സാൻ സൂ ചിയെ തടവിലാക്കിയത്.
