പനജി: ഗോവയിലെ നിശാ ക്ലബ്ബിൽ ഡിസംബർ 7 നുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ ക്ലബ്ബിന്റെ ഉടമകളായ സഹോദരന്മാർ തായ്ലൻഡിൽ നിന്നും പിടിയിൽ. ഗൗരവ് ലുത്രയെയും സൗരഭ് ലുത്രയെയുമാണ് വ്യാഴാഴ്ച തായ്ലൻഡ് അധികൃതരുടെ പിടിയിലായത്. ഇരുവരെയും ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു. രണ്ട് സഹോദരന്മാരെയും ഫുക്കറ്റിലെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്.Fire breaks out at nightclub in Goa; Owners brothers arrested
കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ 12.04 ഓടെ ബേർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബ്ബിലാണ് അപകടമുണ്ടായത്. നൃത്തവും മറ്റും നടക്കുന്ന ക്ലബ്ബിന്റെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമുണ്ടായത്. നിർമ്മാണത്തിനും അലങ്കാരത്തിനും ഉപയോഗിച്ച പനയോല, മുള, തടി തുടങ്ങിയ വേഗത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യവും തീരെ ഇടുങ്ങിയ വാതിലുകളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. നാല് വിദേശികളുൾപ്പെടെ 25 പേർ മരിച്ചു. മരിച്ചവരിൽ 14 പേരും ക്ലബ്ബ് ജീവനക്കാരായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു.
സുരക്ഷാ മുൻകരുതലുകളില്ലാതെ ഇലക്ട്രോണിക് ഫയർക്രാക്കറുകൾ പ്രയോഗിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അപകടത്തിൽ ഗോവ മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് സൗരഭിന്റെയും ഗൗരവിന്റെയും പാസ്പോർട്ടുകൾ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ ഏജൻസികൾ നേരത്തെ തന്നെ തായ്ലൻഡുമായി ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരുന്നു. ഇന്ന് പുലർച്ചെ ലോക്കൽ പൊലീസുമായി സഹകരിച്ച് സംശയിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇമിഗ്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇന്ന് വൈകുന്നേരമോ നാളെയോ ഇരുവരെയും ഇന്ത്യയിലേക്ക് എത്തിക്കും.
അതേസമയം സംഭവത്തിൽ നിശാക്ലബ്ബിന്റെ ചീഫ് ജനറൽ മാനേജരെയും മറ്റ് മൂന്ന് ജീവനക്കാരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്ലബ്ബിൻ്റെ ചീഫ് ജനറൽ മാനേജർ രാജീവ് മോദക്, ജനറൽ മാനേജർ വിവേക് സിംഗ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻഷു താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. അഗ്നിബാധയ്ക്ക് കാരണമായത് ക്ലബ്ബിനുള്ളിലെ കരിമരുന്ന് പ്രയോഗമെന്ന് റിപ്പോർട്ട് വന്നതോടെയായിരുന്നു നടപടി.
.
