വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചു. ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച ശക്തമായ മത്സരത്തിൽ മുൻ ഗവർണർ ആൻഡ്രൂ കുമോയെയും റിപ്പബ്ലിക്കൻ നേതാവ് കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ വിജയം.Indian-origin Sohran Mandani elected as New York mayor
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീരാ നായരും ഉഗാണ്ടൻ എഴുത്തുകാരനും ഇന്ത്യൻ വംശജനുമായ മഹ്മൂദ് മംദാനിയും അദ്ദേഹത്തിന്റെ മാതാപിതാക്കളാണ്. ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിക്കുന്ന മംദാനി ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം മേയറായി ചരിത്രം കുറിച്ചു.
പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി ഒമ്പത് മണിയോടെ അവസാനിച്ചു (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 7.30). ഏകദേശം 85 ലക്ഷം വോട്ടർമാരാണ് വോട്ട് ചെയ്തത്. മംദാനിയെ “കമ്യൂണിസ്റ്റ്” എന്ന് ട്രംപ് നിരന്തരം ആരോപിച്ചിരുന്നുവെങ്കിലും, താൻ ജനാധിപത്യ സോഷ്യലിസ്റ്റാണെന്ന നിലപാടാണ് മംദാനി ആവർത്തിച്ചത്.
ഉഗാണ്ടയിൽ ജനിച്ച മംദാനി ബാല്യത്തിൽ കുടുംബത്തോടൊപ്പം യുഎസിലേക്കു കുടിയേറി. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സാമൂഹ്യനീതിയെ മുൻനിർത്തിയുള്ള നയങ്ങളാണ് അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ — സിറ്റി ബസുകളിൽ സൗജന്യ യാത്ര, ശിശു ക്ഷേമ പദ്ധതികൾ, ഭവന പ്രതിസന്ധി പരിഹാരം, കോർപ്പറേറ്റ് നികുതി വർദ്ധന എന്നിവ ഉൾപ്പെടെ.
മംദാനിയെ അനധികൃത കുടിയേറ്റക്കാരനായി ചിത്രീകരിച്ച ട്രംപ്, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് തടയുമെന്നും മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്, വിർജീനിയയും ന്യൂജേഴ്സിയും ഉൾപ്പെടെ, ട്രംപിനും ഡെമോക്രാറ്റിക് പാർട്ടിക്കും ഒരുപോലെ നിർണായകമായിരുന്നു.
