അമേരിക്കയിൽ യുപിഎസിന്റെ ചരക്കുവിമാനം പറന്നുയർന്നതിന് പിന്നാലെ തകർന്നു വീണ് മൂന്നു പേർ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ലൂയിസ്വില്ലിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് അപകടം സംഭവിച്ചത്. ഹോണോലുലുവിലേക്കുള്ള സർവീസിനായി പറന്ന വിമാനം സമീപത്തെ വ്യവസായ മേഖലയിൽ തകർന്നുവീണതാണ്.UPS cargo plane crashes in US; 3 dead
വിമാനത്തിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പതിനൊന്ന് പേർക്ക് പരുക്കേറ്റതായും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ കൂടുതൽ ഉയരാനുള്ള സാധ്യതയും അധികൃതർ അറിയിച്ചു.
വലിയ അളവിലുള്ള ജെറ്റ് ഇന്ധനമാണ് തീപിടുത്തത്തിന് കാരണമായതെന്ന് ലൂയിസ്വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് വ്യക്തമാക്കി. ഏകദേശം 2.8 ലക്ഷം ഗാലൺ ഇന്ധനവുമായാണ് വിമാനം യാത്രതിരിച്ചത്. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ തീപിടിത്തം ആരംഭിച്ചെന്നാണ് പ്രാഥമിക വിവരം. 34 വർഷം പഴക്കമുള്ള ബോയിങ് മോഡൽ വിമാനമാണ് അപകടത്തിൽ പെട്ടത്.
യുപിഎസിന്റെ ഏറ്റവും വലിയ എയർ ഹബ്ബിനടുത്താണ് ദുരന്തം നടന്നത്. ദിവസേന 300 വിമാനങ്ങൾ സർവീസ് നടത്തുന്ന, മണിക്കൂറിൽ നാലുലക്ഷത്തിലധികം പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങളിൽ ഒന്നാണിത്. ആയിരക്കണക്കിന് തൊഴിലാളികൾ ഇവിടെ പ്രവർത്തിക്കുന്നു.
അപകടത്തെ തുടർന്ന് കനത്ത വിഷപ്പുക പ്രദേശത്ത് പടർന്നതിനെത്തുടർന്ന് ജനങ്ങളെ തൽക്കാലത്തേക്ക് ഒഴിയാൻ അധികൃതർ നിർദേശിച്ചു. തകർന്നുകിടക്കുന്ന വിമാനത്തിന്റെയും ഉയർന്നുപോകുന്ന പുകയുടെ ദൃശ്യങ്ങളുടെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
