ഗാസ സിറ്റി: വെടിനിർത്തൽ കരാറിനോടുള്ള പ്രതിബദ്ധത പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇസ്രയേൽ ഗാസയിൽ വീണ്ടും ശക്തമായ ബോംബാക്രമണം നടത്തി. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. ഇവിടെ ഏകദേശം പത്ത് തവണ വ്യോമാക്രമണം നടന്നു എന്നാണ് റിപ്പോർട്ട്.Israel launches another powerful attack on Gaza
ഗാസ സിറ്റിയിലും ഇസ്രയേൽ ടാങ്ക് ആക്രമണം തുടർന്നു. മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ വ്യക്തമല്ല. ഗാസയിൽ നിയോഗിച്ച സൈന്യത്തിന് നേരെ ഭീഷണി ഉയർന്നതിനെത്തുടർന്നാണ് പ്രതിരോധ നടപടിയായി ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ 104 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടൊപ്പം, ഗാസയിലും വെസ്റ്റ് ബാങ്കിലും ഗതാഗതനിയന്ത്രണം ശക്തമാക്കുന്നതിനായി 1000 കേന്ദ്രങ്ങളിൽ പുതിയ ബാരിയറുകൾ സ്ഥാപിച്ചതായി പലസ്തീൻ സർക്കാർ ഏജൻസി അറിയിച്ചു. അതേസമയം, ലബനനിലെ ഒരു മുനിസിപ്പൽ ഓഫിസിൽ പരിശോധനയ്ക്കിടെ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
