ടെൽ അവീവ്: ഇസ്രയേൽ മോചിപ്പിച്ച 154 പലസ്തീൻ തടവുകാർക്ക് സ്വന്തം നാടായ പലസ്തീനിലേക്ക് മടങ്ങാനുള്ള അനുമതി ലഭിക്കില്ല. ബന്ദിമോചന കരാറിന്റെ ഭാഗമായി ഇസ്രയേൽ വിട്ടയച്ച ഏകദേശം 1,700 പലസ്തീൻ തടവുകാരിൽ നിന്നാണ് ഇവർ ഉൾപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇവരെ ഗാസയിലേക്ക് പ്രവേശിപ്പിക്കുന്നതിനുപകരം ഈജിപ്ത് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലേക്കാണ് നാടുകടത്താനുള്ള നീക്കം.154 prisoners released by Israel are not allowed to enter Palestine
ഇസ്രയേലിന്റെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. “പലസ്തീൻ പൗരന്മാരെ മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണ്. ചെറിയ ജയിലിൽ നിന്ന് വലിയ ജയിലിലേക്കാണ് ഇവരെ അയക്കുന്നത്,” എന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ താമർ ഖർമൊത് പ്രതികരിച്ചു.
മോചിപ്പിക്കപ്പെട്ട തടവുകാരെ ഏത് രാജ്യങ്ങളിലേക്കാണ് അയച്ചതെന്നതിൽ വ്യക്തതയില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയിലും ചില പലസ്തീൻ തടവുകാരെ ടുണീഷ്യ, അൽജീരിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇസ്രയേൽ നാടുകടത്തിയത്. ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് പിടിച്ചുവെച്ചിരുന്ന 20 ഇസ്രയേൽ പൗരന്മാരെയും കഴിഞ്ഞ ദിവസം മോചിപ്പിച്ചു.
അതേസമയം, രണ്ട് വർഷമായി നീണ്ടുനിന്ന ഗാസ യുദ്ധത്തിന് ഔദ്യോഗികമായി വിരാമമായി. ഇസ്രയേലും ഹമാസും ഉൾപ്പെടെ അമേരിക്ക, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾ ഗാസ സമാധാന കരാർ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്.
ഷറം അൽ ഷൈഖിൽ നടന്ന ഈജിപ്ത് സമാധാന ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്യും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും നേതൃത്വം നൽകി. യഹൂദ മതത്തിലെ അവധി ദിനമായതിനാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുത്തില്ല.
“ഇത് 3,000 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സാധ്യമായത്. കരാർ രേഖ സമഗ്രവും ചരിത്രപരവുമാണ്,” എന്ന് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു.
