ദോഹ: സ്വതന്ത്ര ഫലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ തീരുമാനത്തെ ഖത്തർ സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയുടെ വിജയമായി കാണുന്നുവെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്.More nations recognize Palestine
ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾക്കുള്ള അംഗീകാരമാണ് ഈ രാഷ്ട്രങ്ങളുടെ നിലപാട് എന്നും മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായ ദ്വിരാഷ്ട്ര പരിഹാര ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ, മേഖലയിൽ നീതിപൂർണവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുള്ള സാധ്യതകളെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഖത്തർ അഭിപ്രായപ്പെട്ടു.
ഫലസ്തീനെ ഇപ്പോഴും അംഗീകരിക്കാത്ത മറ്റു രാജ്യങ്ങളും സമാനമായ നടപടി സ്വീകരിക്കണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു. 1967ലെ അതിർത്തികൾക്ക് അടിസ്ഥാനമായാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപംകൊള്ളേണ്ടതെന്ന തങ്ങളുടെ സ്ഥിരമായ നിലപാട് ഖത്തർ വീണ്ടും ആവർത്തിച്ചു.
