ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോൺ വിളിച്ചു. ഇന്ത്യ–അമേരിക്ക വ്യാപാര ബന്ധത്തിൽ അധികചുങ്കവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വഷളായ സാഹചര്യം മാറുന്നുവെന്ന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സംഭാഷണത്തെ വിലയിരുത്തുന്നത്. ഇന്ന് മോദിയുടെ 75-ആം ജന്മദിനമാണ്.Trump wishes Modi a happy birthday
‘‘എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഇപ്പോൾ ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം അതുല്യമായ ജോലിയാണ് നടത്തി കൊണ്ടിരിക്കുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’’–എന്നായിരുന്നു ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ട്രംപിന്റെ ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദിയും സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു. “എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോൺ കോളിനും ജന്മദിനാശംസയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളെപ്പോലെ തന്നെ ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ ഉയർന്ന നിലയിലെത്തിക്കാൻ ഞാൻ പൂർണ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകും,”–മോദി കുറിച്ചു.
റഷ്യയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് യുഎസ് 25 ശതമാനം അധിക തീരുവ ചുമത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വഷളായിരുന്നു. എന്നാൽ തീരുവ വർധനയ്ക്ക് ശേഷമുള്ള ആദ്യ ഇന്ത്യ–യുഎസ് വ്യാപാര ചർച്ച ഇരുവിഭാഗവും ‘ശുഭകരം’ എന്ന് വിലയിരുത്തി. ഇതിന് പിന്നാലെയാണ് മോദിയുടെയും ട്രംപിന്റെയും ടെലിഫോൺ സംഭാഷണം നടന്നത്.
