കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 250 പേർ മരിക്കുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 12.57-ഓടെയായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 160 കിലോമീറ്റർ ആഴത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.Earthquake in Afghanistan: 250 dead
പ്രകമ്പനം പാകിസ്ഥാനും വടക്കേ ഇന്ത്യയും ഉൾപ്പെടെ വ്യാപകമായി അനുഭവപ്പെട്ടു. ഡൽഹിയിലും ഭൂചലനത്തിന്റെ ആഘാതം രേഖപ്പെടുത്തി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം ഉണ്ടായതായി അറിയുന്നു. അടുത്തിടെ അഫ്ഗാനിസ്ഥാനും ഹിമാലയത്തോട് ചേർന്ന പ്രദേശങ്ങളും ആവർത്തിച്ചുനടക്കുന്ന ഭൂചലനങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ-യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനമാണ് പ്രധാന കാരണം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
നിരവധി ഗ്രാമങ്ങൾ തകർന്നുവീഴുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം ഏറ്റവും ഭീമമായ നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇപ്പോഴും നൂറുകണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തനിവാരണത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര സഹായം ആവശ്യമാണ് എന്നും താലിബാൻ അഭ്യർത്ഥിച്ചു. 2022, 2023 വർഷങ്ങളിലായി അഫ്ഗാനിസ്ഥാനിലെ ഭൂകമ്പങ്ങളിൽ രണ്ടായിരത്തോളം പേർ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഇതിനിടെ, ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ബുധനാഴ്ച പുലർച്ചെ ചെറിയ ഭൂചലനങ്ങളും രേഖപ്പെടുത്തി. പുലർച്ചെ 3.27നും 4.39നും ഉണ്ടായ ഭൂചലനങ്ങളുടെ തീവ്രത യഥാക്രമം 4.0, 3.3 ആയിരുന്നു. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
