പാക് പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സൈനിക മേധാവി അസിം മുനീര്‍. നിലവിലെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിയും, തുടര്‍ന്ന് മുനീര്‍ രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആകും എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പ്രചരിച്ച വാര്‍ത്ത. അടുത്തിടെ പാക് സൈനിക മേധാവിയായി നിയമിതനായ മുനീര്‍ ഒരുമാസത്തിനിടെ രണ്ട് തവണ അമേരിക്ക സന്ദര്‍ശിച്ചതും, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മറികടന്ന് ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചു.Rumors of Asim Munir becoming president denied
എന്നാല്‍, പാകിസ്ഥാനിലെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും മാറ്റങ്ങളൊന്നും നടക്കാനിടയില്ലെന്ന് മുനീര്‍ വ്യക്തമാക്കുന്നു. യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ ബെല്‍ജിയത്തിലെത്തിയ അദ്ദേഹം, ബെല്‍ജിയം പത്രമായ യെലി ജാംഗ് നല്കിയ അഭിമുഖത്തിലാണ് പ്രതികരിച്ചത്. സിവില്‍, സൈനിക ഏജന്‍സികള്‍ ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് പൂര്‍ണമായും അസംബന്ധമാണെന്നും, ഇത്തരം അഭ്യൂഹങ്ങള്‍ രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ഘടകങ്ങളുടെ ഭാഗമാണെന്നും മുനീര്‍ ആരോപിച്ചു.
നിലവിലെ പാര്‍ലമെന്ററി സംവിധാനത്തെ മാറ്റി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് പാകിസ്ഥാന് നീങ്ങുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും മുമ്പ് പുറത്തുവന്നിരുന്നു. കൂടാതെ, താന്‍ സ്ഥാനമൊഴിയേണ്ടി വന്നാല്‍ മകന് ബിലാവല്‍ ഭൂട്ടോയെ പുതിയ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാട് പ്രസിഡന്റ് സര്‍ദാരി എടുത്തിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
