
ടെൽ അവീവ്:ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ, മുഴുവൻ ഗാസയെയും പിടിച്ചെടുക്കുമോ, തലസ്ഥാനമായ ഗാസ സിറ്റിയെയോ മാത്രം കീഴടക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇപ്പോഴും ലഭ്യമല്ല. സുരക്ഷാ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പദ്ധതിയെ എതിർത്തിരുന്നുവെങ്കിലും, മന്ത്രിസഭ അത് അവഗണിച്ച് അംഗീകരിച്ചു.Cabinet approves Israel’s Gaza control plan
ബന്ദികളുടെ ജീവൻ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് ഐഡിഎഫ് പദ്ധതി എതിർത്തത്. അതിനുപിന്നാലെ, ഗാസ സിറ്റിയാണ് ആദ്യം കീഴടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നേരത്തെ നെതന്യാഹു മുഴുവൻ ഗാസ പിടിച്ചെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ ഘട്ടം ഘട്ടമായുള്ള നടപടിക്കാണ് സൂചന.
നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനപ്രകാരം, യുദ്ധമേഖലയ്ക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം നൽകും. ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ മുന്നോട്ടുവച്ച അഞ്ചു വ്യവസ്ഥകൾക്കും മന്ത്രിസഭ ഭൂരിപക്ഷ പിന്തുണ നൽകിയിട്ടുണ്ട്:
ഹമാസിന്റെ നിരായുധീകരണം, ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 പേർ ഉൾപ്പെടെ, ശേഷിക്കുന്ന 50 ബന്ദികളെയും തിരികെ കൊണ്ടുവരൽ, ഗാസ മുനമ്പിൽനിന്ന് സൈന്യത്തെ പിൻവലിക്കൽ, ഗാസ മുനമ്പിന്മേൽ ഇസ്രായേലിന്റെ സുരക്ഷാ നിയന്ത്രണം, ഹമാസോ പലസ്തീനിയൻ അതോറിറ്റിയോ അല്ലാത്ത ഒരു ബദൽ ഭരണകൂടം തുടങ്ങിയ ആവശ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേൽ മുന്നോട്ട് വെക്കുന്നത്.
എന്നാൽ, ബദൽ ഭരണകൂടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ, ഗാസ മുഴുവൻ പിടിച്ചെടുക്കുന്നത് മാനുഷിക ദുരന്തത്തിനും ബന്ദികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ ഗാസയുടെ 75% പ്രദേശവും ഐഡിഎഫ് നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന 25% മധ്യ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളും ഗാസ സിറ്റിയും ഉൾപ്പെടുന്നു. ഏകദേശം 8 ലക്ഷം ജനസംഖ്യയുള്ള ഗാസ സിറ്റിയിൽ സൈനിക നടപടി ആരംഭിക്കാൻ മുൻകൂട്ടി ഒഴിപ്പിക്കൽ ആവശ്യമായേക്കാം.
നെതന്യാഹു വ്യക്തമാക്കുന്നത്, ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്താലും ഭരണം കൈവശം വയ്ക്കാൻ ഇസ്രയേലിന് ഉദ്ദേശ്യമില്ലെന്നും, ഹമാസിനെ ഇല്ലാതാക്കിയ ശേഷം ഭരണം സൗഹൃദ അറബ് രാജ്യങ്ങൾക്ക് കൈമാറുമെന്നും ആണ്.
അതേസമയം, ഗാസ പിടിച്ചെടുക്കാനുള്ള നീക്കം അട്ടിമറിയാണെന്ന് ഹമാസ് ആരോപിച്ചു. നെതന്യാഹു തന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ നടപ്പാക്കാനാണെന്ന് ഹമാസ് നേതാക്കൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. “വെടിനിർത്തൽ ചർച്ചകൾക്കിടെ ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണത്തെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പ്രസ്താവന അട്ടിമറിയാണ്. തടവുകാരെ മോചിപ്പിക്കാനും സ്വന്തം ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം ശ്രമിക്കുന്നു” എന്നാണ് ഹമാസിന്റെ ആരോപണം.
ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ ഭൂരിഭാഗവും വെടിനിർത്തലിലൂടെയോ കരാറുകളിലൂടെയോ മോചിപ്പിച്ചെങ്കിലും, ഇപ്പോഴും 50 പേർ ഗാസയിൽ തുടരുന്നുവെന്ന് റിപ്പോർട്ട്. ഇവരിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേൽ വിലയിരുത്തുന്നത്.