
ബെയ്ജിംഗ്: ചൈനയിൽ ജനനനിരക്ക് തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികൾ വളർത്തുന്നവർക്കായി പുതിയ ധനസഹായ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഓരോ കുട്ടിക്കും വാർഷികമായി 3600 യുവാൻ (ഏകദേശം ₹43,500) വീതം രക്ഷിതാക്കൾക്ക് ലഭ്യമാകും. മൂന്ന് വയസ്സുവരെ ഉള്ള കുട്ടികൾക്കായാണ് സഹായം അനുവദിക്കുക.Financial aid scheme to increase birth rate in China
തിങ്കളാഴ്ചയാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദേശം 20 ദശലക്ഷം രക്ഷിതാക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണു റിപ്പോർട്ടുകൾ. 2022 മുതൽ 2024 വരെ ജനിച്ച കുട്ടികളുള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.
ചൈനീസ് യുവാക്കൾ വിവാഹം കഴിച്ച് കുടുംബം തുടങ്ങുന്നതിൽ നിന്നും പിൻവാങ്ങാൻ കാരണമാകുന്നത് കുട്ടികളുടെ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും വരുന്ന ഉയർന്ന ചെലവുകളും ജോലി മേഖലയിലെ അനിശ്ചിതത്വവുമാണെന്നാണ് വിലയിരുത്തൽ. 2023 മുതൽ രാജ്യത്തെ ജനസംഖ്യ കുറയുന്നുവെന്ന് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.
ജനനനിരക്ക് വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കു ഭാഗമായാണ് ചൈനീസ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി ലി ക്വിയാങ് ചൈൽഡ് കേയർ സബ്സിഡിയും സൗജന്യ പ്രീസ്കൂൾ വിദ്യാഭ്യാസവുമടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
അതേസമയം, പുതിയ ധനസഹായ തുക അത്ര പ്രസക്തമല്ലെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധനായ സിചുൻ ഹുവാങിന്റെ വിലയിരുത്തൽ. വർഷങ്ങളായി നിലനിന്നിരുന്ന ഒറ്റക്കുട്ടിനയം ചൈന പിന്നിലാക്കുകയും ജനനനിരക്ക് വർധിപ്പിക്കാൻ വൈവിധ്യമാർന്ന നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.