
വാഷിംഗ്ടൺ: കൊക്ക കോളയിൽ ഇനി കൃത്രിമ മധുരത്തിന് പകരം പ്രകൃതിദത്ത പഞ്ചസാര ചേർക്കാനാണ് കമ്പനിയുടെ നീക്കം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ബ്രാൻഡിനോടുള്ള ട്രംപിന്റെ താത്പര്യം വിലമതിക്കുന്നതായി കമ്പനി വ്യക്തമാക്കി.Coca-Cola confirms Trump’s announcement of natural sugars
ട്രൂത്ത് സോഷ്യലിലൂടെയാണ് കൊക്ക കോളയിൽ ഇനി പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കാമെന്ന നിർദേശത്തെ കമ്പനി അംഗീകരിച്ചതായി ട്രംപ് മുൻപായി വ്യക്തമാക്കിയത്. അടുത്ത വർഷം മുതൽ ഇത്തരത്തിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ അധികാരികളോടും നന്ദി അറിയിക്കുകയും ചെയ്തു. എന്നിരുന്നാലും ട്രംപിന്റെ അവകാശവാദം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായിരുന്നില്ല.
ഇതുവരെ അമേരിക്കയിൽ കൊക്ക കോളയിൽ കൃത്രിമമായി ഉത്പാദിപ്പിച്ച ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് ആണ് മധുരമായി ഉപയോഗിച്ചിരുന്നത്. അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വഴിയൊരുക്കുന്നുവെന്നതിനെതിരെ വിമർശനമുയർന്നിരുന്നു.
ഇനി യുഎസിൽ ഉത്പാദിപ്പിക്കുന്ന കൊക്ക കോളയിൽ കരിമ്പ് പഞ്ചസാര ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ, ഇതുമൂലം പ്രതിവർഷം 800 മുതൽ 900 മില്യൺ ഡോളർ വരെ അധിക ചെലവാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാർഷിക സബ്സിഡിയും പഞ്ചസാര ഇറക്കുമതി താരിഫും കൂടിച്ചേർന്നതിനാൽ യുഎസിൽ കരിമ്പ് പഞ്ചസാരയേക്കാൾ വിലക്കുറവാണ് കോൺ സിറപ്പിന്.