
ബാഗ്ദാദ്: ഇറാഖിലെ അൽ-കുട്ട് നഗരത്തിലെ ഹൈപ്പർമാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 61 ആയി ഉയർന്നു. ആദ്യഘട്ടത്തിൽ തീപിടിത്തത്തിന്റെ വാർത്തകൾ പുറം ലോകം അറിയുന്ന സമയത്ത് 50 മരണങ്ങളായിരുന്നു സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ടവവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. അപകടത്തിൽ നിരവധി പേർ കാണാതായതായും റിപ്പോർട്ടുകളുണ്ട്.Fire in hypermarket in Iraq: 61 people reported killed
വാസിത് ഗവർണറേറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 45 പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി. മരണപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടമുണ്ടായത് ഒരാഴ്ചമുൻപാണ് തുറന്ന മാളിലാണ്. അഞ്ച് നിലകളിലായി പ്രവര്‍ത്തിച്ച കെട്ടിടത്തിൽ റെസ്റ്റോറന്റുകളും സൂപ്പർമാർക്കറ്റും പ്രവർത്തിച്ചു വരികയായിരുന്നു. തീപിടിത്തം ഉണ്ടായ സമയത്ത് നിരവധി ആളുകൾ അകത്തുണ്ടായിരുന്നതായാണ് വിവരം. മരണപ്പെട്ടവരിൽ ഭൂരിഭാഗവും പുക ശ്വസിച്ചതാണ് കാരണമായത്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. എന്നാൽ, രണ്ടുദിവസത്തിനകം പ്രാഥമിക അന്വേഷണ ഫലങ്ങൾ പുറത്തുവിടുമെന്ന് ഇറാഖിന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി INA റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദുരന്തത്തെത്തുടർന്ന് പ്രവിശ്യയുടെ ഗവർണർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.