ലോസ് ഏഞ്ചൽസ്: നഗരത്തിൽ നിർമ്മാണത്തിലായിരുന്ന ഒരു വ്യവസായിക തുരങ്കം ഭാഗികമായി തകർന്നതിനെ തുടർന്ന് 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. സംഭവം ലോസ് ഏഞ്ചൽസിലെ വിൽമിംഗ്ടണിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് ഉണ്ടായത്. 31 പേരെ ഇതിനോടകം സുരക്ഷിതമായി പുറത്തെടുത്തതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ഇതുവരെ ആർക്കും പരിക്കില്ലെന്നാണ് ലഭ്യമായ വിവരം.Los Angeles tunnel disaster: 15 people trapped
തുരങ്കത്തിലേക്കുള്ള ഏക പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം ആറു മൈൽ (9.6 കിലോമീറ്റർ) അകലെയാണ് തകർച്ച സംഭവിച്ചത്. സംഭവസ്ഥലത്ത് നൂറിലധികം രക്ഷാപ്രവർത്തകർ വിന്യസിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ലോസ് ഏഞ്ചൽസ് മേയർ കാരൻ ബാസ് സ്ഥിതി വിലയിരുത്താൻ നേരിട്ട് സ്ഥലത്ത് എത്തിയിട്ടുണ്ട്.
സാധ്യമായത്ര വേഗത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ സ്ഥലത്തുണ്ട്. പ്രാദേശിക ടെലിവിഷൻ ചാനലുകൾ നൽകിയ ആകാശ ദൃശ്യങ്ങളിൽ, തുരങ്കത്തിന്റെ പ്രവേശന കവാടത്തിലൂടെ ചില തൊഴിലാളികളെ ഉയർത്തുന്നത് കാണാമായിരുന്നു.
അപകടമുണ്ടായതിന്റെ ഗൗരവം കണക്കിലെടുത്ത് മേയർ ബാസ് സ്ഥലം സന്ദർശിക്കുകയും, രക്ഷാപ്രവർത്തകർക്ക് എക്സ് പോസ്റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.
