വാഷിംഗ്ടൺ : സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴ വിരുന്നിനിടെയായിരുന്നു നാമനിർദേശ കത്തിന്റെ പകർപ്പ് ട്രംപിന് കൈമാറിയത്.Trump should be nominated for the Nobel Peace Prize: Netanyahu
“പ്രസിഡന്റ് ട്രംപ് വിവിധ രാജ്യങ്ങളിലും മേഖലയിലും സമാധാനം സ്ഥാപിക്കാൻ പരിശ്രമിക്കുന്നു. ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പോലെയുള്ള ലോകമാകെയുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. മിസ്റ്റർ പ്രസിഡന്റ്, ഞാൻ നോബേൽ സമ്മാനക്കമ്മിറ്റിക്ക് അയച്ച കത്തിന്റെ പകർപ്പ് നിങ്ങൾക്ക് കൈമാറുകയാണ്. നിങ്ങൾ ഇതിനർഹനാണ്,” എന്ന് നെതന്യാഹു പറഞ്ഞു.
ഇത് കേട്ട ട്രംപ് നന്ദി രേഖപ്പെടുത്തി. “വളരെ നന്ദി, എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. താങ്കളുടെ ഭാഗത്ത് നിന്നുള്ള ഈ നടപടി വളരെ അർത്ഥവത്താണ്,” എന്ന് ട്രംപ് പ്രതികരിച്ചു.
“ഞാൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. ആളുകൾ കൊല്ലപ്പെടുന്നത് ഞാൻ വെറുക്കുന്നു,” എന്നും ട്രംപ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയായിരുന്നു നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനം. ഗസ്സയിൽ നിന്ന് ജനങ്ങളെ സ്വീകരിക്കാൻ തയ്യാറായ രാജ്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇരുവരും അറിയിച്ചു. ഈ വാരാന്ത്യത്തിൽ ഗസ്സയിൽ വെടിനിർത്തൽ ആരംഭിക്കാനാണ് ട്രംപ് ആലോചിക്കുന്നത്. ഇറാനുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് സ്ഥിരീകരിച്ചു.
