വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മഴ മിന്നൽ പ്രളയമായി മാറി. ഗ്വാഡലൂപ്പേ നദിയിലെ ജലനിരപ്പ് വെറും 45 മിനിറ്റിനകം 26 അടിയിലേക്ക് ഉയർന്നതോടെ നില വഷളായി. കെർ കൗണ്ടിയിലാണ് ദുരന്തം സംഭവിച്ചത്. പ്രളയത്തെ തുടർന്ന് 13 പേർ മരണപ്പെട്ടു. ടെക്സസിലെ ഒരു സമ്മർ ക്യാമ്പിൽ പങ്കെടുത്തിരുന്ന 23-ലധികം പെൺകുട്ടികൾ കാണാതായതായി റിപ്പോർട്ടുകളുണ്ട്.Flash floods in Texas: 13 dead
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, 9 സേനാസംഘങ്ങൾ, അഞ്ഞൂറിലധികം രക്ഷാപ്രവർത്തകർ എന്നിവരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. കാണാതായവർക്കായി വ്യാപകമായ തെരച്ചിൽ നടത്തപ്പെടുകയാണ്. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും, മരണസംഖ്യ കൂടാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ ഗൗരവം വിലയിരുത്തിയ സംസ്ഥാന സെനറ്റർ ടെഡ് ക്രൂസ്, ജനങ്ങൾ തദ്ദേശ ഭരണകൂടങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് എല്ലാ സഹായങ്ങളും ടെക്സസിനായി ഉറപ്പാക്കിയതായും ക്രൂസ് അറിയിച്ചു.
ഗ്വാഡലൂപ്പേ നദിയിൽ വെള്ളപ്പൊക്കം പതിവ് സംഭവമായിട്ടുണ്ടെങ്കിലും ഇത്തവണ അതിവേഗം ജലനിരപ്പ് ഉയർന്നത് അപൂർവമാണെന്ന് അധികൃതർ വ്യക്തമാക്കി.
