വാഷിങ്ടൺ : ഡൊണൾഡ് ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബിൽ അമേരിക്കൻ കോൺഗ്രസിലും പാസായി. സെനറ്റിൽ നേരത്തെ അംഗീകാരം ലഭിച്ച ബിൽ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലൂടെയും കടന്നതോടെ ഇത് നിയമമാകാൻ ഇനി പ്രസിഡന്റ് ട്രംപിന്റെ ഒപ്പുമാത്രമാണ് ബാക്കിയുള്ളത്. “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ” എന്ന പേരിലാണ് ട്രംപ് ബില്ലിനെ വിശേഷിപ്പിച്ചത്.Trump’s controversial tax bill passes Congress
റിപബ്ലിക്കൻ പാർട്ടിയിലുണ്ടായ ഭിന്നത മറികടന്ന് 218 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 214 പേർ എതിർപ്പ് രേഖപ്പെടുത്തി. കുടിയേറ്റം, തൊഴിൽ, സാമ്പത്തിക മേഖലകൾ തുടങ്ങി ആഭ്യന്തര-വിദേശ രാഷ്ട്രീയത്തെ ബാധിക്കുന്ന നിരവധി നിർദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയേറ്റ നിയന്ത്രണത്തിനായി വൻതുക അനുവദിക്കുന്നതോടൊപ്പം, 2017ൽ കൊണ്ടുവന്ന താൽക്കാലിക നികുതി നിയമങ്ങൾ സ്ഥിരമാക്കാനും 2024ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനും ട്രംപിന് അവസരമൊരുങ്ങുന്നു.
ആരോഗ്യ-ഭക്ഷ്യ സുരക്ഷ മേഖലകളിലെ ചില നിധികൾ കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവുകൾ അവസാനിപ്പിക്കാനും ബിൽ വഴിയൊരുക്കുന്നു. ബില്ലിനെതിരെ ട്രംപിന്റെ അടുത്ത സുഹൃത്തും സ്പേസ്എക്സ് സിഇഒയുമായ ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് രണ്ട് അംഗങ്ങൾ മാത്രമാണ് എതിർപ്പ് അറിയിച്ചത്.
മുൻ പ്രസിഡന്റ് ജോ ബൈഡൻ ബില്ലിനെ “ക്രൂരമായ ബജറ്റ് ബിൽ” എന്നും വിമർശിച്ചു. ചൊവ്വാഴ്ച സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 50–50 എന്ന നിലയിലായപ്പോൾ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കാസ്റ്റിംഗ് വോട്ട് ചെയ്തത് ബിൽ പാസാകുന്നതിനാണ് വഴിയൊരുക്കിയത്.
