അറ്റ്ലാന്റ: ശനിയാഴ്ച രാത്രി ഉണ്ടായ കഠിനമായ ആലിപ്പഴ മഴ അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. 478 വിമാനങ്ങൾ റദ്ദാകുകയും 617 വിമാനങ്ങൾ വൈകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.Heavy hail in Atlanta: Hundreds of flights canceled
അറ്റ്ലാന്റയിൽ ഒരു പ്രധാന ഹബ്ബായ ഡെൽറ്റ എയർലൈൻസാണ് ഏറ്റവും കൂടുതൽ പ്രതികൂല കാലാവസ്ഥയുടെ ആഘാതം നേരിട്ടത്. ശക്തമായ കാറ്റും മഴയും വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചു.
വെള്ളിയാഴ്ച റീഗൻ നാഷണൽ, ഷാർലറ്റ്, ഡാളസ്-ഫോർട്ട് വർത്ത് എന്നിവിടങ്ങളിൽ ഉണ്ടായ മോശം കാലാവസ്ഥയെ തുടർന്ന് അമേരിക്കൻ എയർലൈൻസ് ശനിയാഴ്ച യുഎസിലുടനീളം 223 വിമാനങ്ങൾ റദ്ദാക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്നലെ രാത്രിയിലുണ്ടായ ആലിപ്പഴ വീഴ്ചയിൽ നിരവധി വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതായും ഏകദേശം 100 ഡെൽറ്റ വിമാനങ്ങളിൽ രാത്രി മുഴുവൻ സാങ്കേതിക പരിശോധന നടത്തി എന്നും ഡെൽറ്റയുടെ വക്താവ് വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയോടെ മിക്കവാറും വിമാനങ്ങൾ സർവീസിലേക്ക് തിരിച്ചെത്തിയിരുന്നു.
അറ്റ്ലാന്റയിലെ എയർ ട്രാഫിക് കൺട്രോൾ ടവറിന് മേൽ ശക്തമായ കാറ്റിനെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ടവർ താൽക്കാലികമായി ഒഴിപ്പിച്ചു. അതിനുശേഷം വളരെ കുറച്ച് കൺട്രോളർമാരെ മാത്രം ഉപയോഗിച്ചാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയത്. ഈ സമയത്ത് ടവറിൽ ജീവനക്കാരില്ലായിരുന്നു എന്നും ഏജൻസി പറഞ്ഞു.
