കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ വിമാനം പാതിവഴിയിൽ തിരിച്ചിറക്കേണ്ടിവന്നു. AI 2145 എന്ന വിമാനമാണ് അഗ്നിപർവത പൊട്ടിത്തെറിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ദേശീയ തലസ്ഥാനമായ ഡൽഹിയിലേക്ക് തിരിച്ചുവന്നത്. വിമാനത്തിൽ ഉണ്ടായ എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്നുമാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.Volcanic eruption: Delhi-Bali Air India flight diverted
യാത്രാവേളയിൽ ഉണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച്, യാത്രക്കാർക്ക് ഹോട്ടൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കാൻ താൽപ്പര്യമുള്ളവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു.
ഇന്തോനേഷ്യയിലെ പ്രശസ്തമായ റിസോർട്ട് ദ്വീപായ ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ ബുധനാഴ്ച മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി പൊട്ടിത്തെറിച്ചതിനെത്തുടർന്ന് റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തു. വിർജിൻ ഓസ്ട്രേലിയ, ജെറ്റ്സ്റ്റാർ, എയർ ന്യൂസിലാൻഡ്, ടൈഗർ എയർ, ജുനിയാവോ എയർലൈൻസ് എന്നീ വിമാനങ്ങളും ബാലിയിലേക്കുളള സർവീസുകൾ നിർത്തിവച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൗമെറിലെ പ്രധാന വിമാനത്താവളം അടച്ചതോടെയാണ് ഇങ്ങനെ വ്യാപകമായ വ്യോമഗതാഗത പ്രതിസന്ധി ഉണ്ടായത്. ഇന്തോനേഷ്യയിലെ ജിയോളജി ഏജൻസി, കനത്ത മഴയെ തുടർന്ന് ലാവാ പ്രവാഹം സാദ്ധ്യമായതിനാൽ സമീപപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോഴുവരെ അഗ്നിപർവ്വത സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
