ടെഹ്റാന്: ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി അടിയന്തര നടപടികൾ സ്വീകരിച്ചു തുടങ്ങി. വിദ്യാർത്ഥികളെ രാജ്യത്തിനുള്ളിലെ കൂടുതൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള പ്രക്രിയയാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. എംബസി വിദ്യാർത്ഥി സമൂഹവുമായി നിരന്തരം ബന്ധപ്പെടുകയും സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.Indian Embassy assures safety of Indian students in Iran: Action taken by Indian Embassy
ഇസ്രയേലും ഇറാനുമിടയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ കർശനമാക്കുന്നത്. ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ അര്‍മേനിയ വഴി ഒഴിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
“ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് സൗകര്യവുമുള്ള ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്,” എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന.
ഇറാനിൽ ഇപ്പോൾ 1500-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്. ഇവരിൽ വലിയൊരു വിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. മെഡിക്കൽ കോഴ്സുകൾ പോലുള്ള പ്രൊഫഷണൽ പഠനങ്ങളിൽ ഭാഗമായിരിക്കുകയാണ് കൂടുതലും. ടെഹ്റാൻ, ഷിറാസ്, കോം എന്നീ നഗരങ്ങളിലാണ് കൂടുതലായും ഇവർ താമസിക്കുന്നത് .
വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. കുട്ടികളുടെ സുരക്ഷിതമായ തിരിച്ചുവരവ് സുനിശ്ചിതമാക്കണമെന്നും ആവശ്യപ്പെട്ട് പല രക്ഷിതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ജയ്ശങ്കറിനേയും സമീപിച്ചു.
ഇറാനിലെ മോശം സുരക്ഷാവസ്ഥ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും മറ്റു ആഗോള നേതാക്കളും സമാധാന ശ്രമങ്ങള്‍ക്കായി നയതന്ത്ര ഇടപെടലുകള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വമാണ് ഇപ്പോള്‍ പ്രധാനമായി പരിഗണിക്കുന്നതെന്നും, വരും ദിവസങ്ങളിലും എംബസി പിന്തുണയും ആശയവിനിമയവും തുടരുമെന്നും ഇന്ത്യൻ സർക്കാർ അറിയിച്ചു.
