ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമാക്കി മാപ്പില്‍ തെറ്റായി അടയാളപ്പെടുത്തിയതിനെത്തുടര്ന്ന് പ്രതിഷേധം ഉയർന്നതോടെ, ഇസ്രയേൽ മാപ്പ് പറഞ്ഞു. അതിര്‍ത്തികൾ സംബന്ധിച്ച കണക്കുകൂട്ടലില്‍ പിഴവ് സംഭവിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വിശദീകരണം.Israel Defense Forces apologizes for making Jammu and Kashmir part of Pakistan
ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി പങ്കുവെച്ചത്. ഇറാന് ആഗോള ഭീഷണിയാണെന്നും, തിരിച്ചടിയ്ക്കാതെ ഇസ്രയേലിന് വഴിയില്ലെന്നും കുറിച്ചുകൊണ്ടാണ് ഈ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ, ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമായതായി ചിത്രീകരിച്ചതും, അരുണാചൽ പ്രദേശ് വ്യക്തമായി അടയാളപ്പെടുത്തിയില്ലെന്നുമുള്ള തെറ്റുകൾ ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി ഇന്ത്യക്കാര്‍ അതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യയുടെ തീരദേശങ്ങളും അതിര്‍ത്തികളും കൃത്യമായി ഉള്‍പ്പെടുന്ന ഭൂപടം പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി എക്സ് ഉപയോക്താക്കള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ടാഗ് ചെയ്തുകൊണ്ടാണ് പ്രതികരണം രേഖപ്പെടുത്തിയത്. ചൈനയുടെ അക്രമണശീലങ്ങള് കൂടി ചൂണ്ടിക്കാട്ടി, അരുണാചൽ പ്രദേശ് സംബന്ധിച്ച ആശങ്കകളും ചിലര്‍ പങ്കുവച്ചു.
തെറ്റായ മാപ്പ് പങ്കുവെച്ചതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേല്‍ മാപ്പ് പറയുകയും, ഭൂപടത്തിലെ പിശക് പരിഹരിക്കുകയും ചെയ്തത്. ഇക്കാര്യത്തില്‍ ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
