തെഹ്റാൻ: ഇസ്രായേലിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും അവ ഉടൻ പുറത്ത് വിടുമെന്നും ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് വ്യക്തമാക്കി. “ആണവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട തന്ത്രപരമായ ഡാറ്റയും പദ്ധതികളും ഉൾപ്പെടെയുള്ള ഗൗരവമുള്ള രേഖകൾ നമ്മുടെ കൈവശമുണ്ട്,” ഖത്തീബ് പറഞ്ഞു. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഇസ്രായേലി പൗരന്മാരായ റോയി മിസ്രാഹിയും അൽമോഗ് ആറ്റിയാസുമാണ് വിവര ചോർച്ചയിൽ പങ്കുണ്ടെന്ന് ഇറാൻ സൂചിപ്പിക്കുന്നു.
ഇറാനെതിരെ ആണവ പദ്ധതിയുടെ പേരിൽ യൂറോപ്യൻ രാജ്യങ്ങളും യുഎൻ സുരക്ഷാ കൗൺസിലും കൂടുതൽ ഉപരോധങ്ങൾ ചർച്ചചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ. ഇസ്രായേലിന്റെ ആണവായുധ ശേഖരം സംബന്ധിച്ച വിവരങ്ങൾ ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മിഡിൽ ഈസ്റ്റിൽ ആണവ ബോംബുകളുള്ള ഏക രാജ്യമാണെന്ന് പൊതുവേ കരുതപ്പെടുന്നത് ഇസ്രായേലിനെയാണ്. “വിവരങ്ങളുടെ കൈമാറ്റം സമയമെടുക്കുന്നതും അതിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്. രഹസ്യമായി വിവര കൈമാറ്റം തുടരുന്നതായിരിക്കും, എന്നാൽ രേഖകൾ ഉടൻ പുറത്തുവിടും,” ഖത്തീബ് വ്യക്തമാക്കി.
ഇസ്രായേൽ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമൊന്നും നടത്തിയാൽ അതിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇറാൻ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാനപരമായ ആണവ സ്ഥാപനങ്ങളെതിരായ ഏതൊരു ഭീഷണിയെയും അന്താരാഷ്ട്ര നിയമലംഘനമായി കണക്കാക്കണമെന്നും, ഇസ്രായേൽ അത്തരമൊരു നീക്കം സ്വീകരിച്ചാൽ അതിന്റെ പേരിൽ ഖേദിക്കേണ്ടിവരുമെന്നുമായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയുടെ പ്രതികരണം. പാശ്ചാത്യ ശക്തികൾ ആണവ വിഷയങ്ങളിൽ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനവും അറഖ്ചി ഉയർത്തിയിരുന്നു.
