പാകിസ്ഥാനിൽ കറാച്ചിയിലെ മാലിർ ജില്ലാ ജയിലിൽ നിന്ന് 216 തടവുകാർ രക്ഷപ്പെട്ടു. പ്രദേശത്തെ നടുക്കിയ തുടർച്ചയായ ഭൂചലനങ്ങളെ തുടർന്നാണിത്. തിങ്കളാഴ്ച കറാച്ചിയിലെ ബച്ച ജയിൽ എന്നറിയപ്പെടുന്ന ജില്ലാ ജയിലിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. 3.2 നും 3.6 നും ഇടയിൽ തീവ്രതയുള്ള മൂന്ന് ഭൂകമ്പങ്ങൾ 24 മണിക്കൂറിനുള്ളിൽ ലന്ധി ഫോൾട്ട് പ്രദേശത്ത് ഉണ്ടായി. ഭൂചലനത്തിൽ ജയിലിന്റെ ചുമരുകളിൽ വിള്ളലുകളും ഭാഗിക തകർച്ചയും ഉണ്ടായി. ഇത് തടവുകാർക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കി. തടവുകാർ പ്രധാന കവാടത്തിലൂടെ ഓടി രക്ഷപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭൂകമ്പം മൂലം മതിലിലുണ്ടായ വിള്ളലുകൾ വഴിയാണ് അവർ പുറത്തുകടന്നതെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പസമയത്ത് സുരക്ഷാ കാരണങ്ങളാൽ 600 മുതൽ 1,000 വരെ തടവുകാരെ അവരുടെ ബാരക്കുകളിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ പരിഭ്രാന്തി മുതലെടുത്ത് തടവുകാർ ഗാർഡുകളെ കീഴടക്കി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവർ ആയുധങ്ങൾ തട്ടിയെടുക്കുകയും വെടിവയ്ക്കുകയും ചെയ്തു. സ്ഥാപനത്തിനകത്തും പുറത്തും കനത്ത വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുണ്ട്. ഇത് ചുറ്റുമുള്ള ജനവാസ മേഖലകളിൽ ഭീതി പരത്തി. തുടർന്നുണ്ടായ അക്രമത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെടുകയും മൂന്ന് ഫ്രോണ്ടിയർ കോർപ്സ് (എഫ്സി) ഉദ്യോഗസ്ഥർക്കും ഒരു ജയിൽ ഗാർഡിനും പരിക്കേൽക്കുകയും ചെയ്തു.
