വാഴ്സാ: കടുത്ത യാഥാസ്ഥിതികനായ കരോൾ നവ്റോസ്കി പോളണ്ടിൻറെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ലിബറൽ പാർട്ടി നേതാവ് റഫാൽ ട്രസസ്കോവ്സ്കിയെ പരാജയപ്പെടുത്തിയാണ് കരോൾ നവ്റോസ്കി വിജയിച്ചത്. കരോൾ നവ്റോസ്കി 50.89 ശതമാനം വോട്ടുനേടിയപ്പോൾ റഫാൽ ട്രസസ്കോവ്സ്കിക്ക് 49.11 ശതമാനം വോട്ടാണ് ലഭിച്ചത്.
എക്സിറ്റ് പോൾ ഫലങ്ങൾ ട്രസസ്കോവ്സ്കിക്ക് അനുകൂലമായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിക്കാതെ വന്നതോടയാണ് ഞയറാഴ്ച്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. മേയ് 18-നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.
യൂറോപ്പിന്റെ സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കാൻ ഒരുമിച്ചു പ്രവർത്തിക്കാമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൊണ്ടെ ലെയ്ൻ കരോൾ നവ്റോസ്കിയുടെ വിജയത്തെ തുടർന്ന് പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി, ഹംഗേറിയൻ പ്രധാനമന്ത്രി വിക്തോർ ഓർബൻ തുടങ്ങിയ നേതാക്കൾ നവ്റോസ്കിയെ അഭിനന്ദിച്ചു.
