ഒപൽ സുചത എന്ന ഇരുപത്തിയൊന്നുകാരിയിലൂടെ ചരിത്രത്തിൽ ആദ്യമായി മിസ് വേൾഡ് കിരീടം തായ്ലൻഡിലേക്ക് എത്തുകയാണ്. വിധിയോട് പൊരുതിയാണ് ഒപൽ സുചത ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഗ്ലാമർ ലോകത്ത് നിൽക്കുമ്പോഴും മനുഷ്യത്വത്തിന്റെ കൈത്താങ്ങാണ് ഈ യുവതി. സ്തനാർബുദത്തിനെതിരായ പോരാട്ടത്തിൽ സജീവമാണ് ഈ സുന്ദരി. സ്തനാർബുദം സംബന്ധിച്ച് സ്ത്രീകൾക്കിടയിൽ ബോധവത്കരണം നടത്തന്നതിനായി ‘ഒപൽ ഫോർ ഹെർ’ എന്ന പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു.
ഒപൽ സുചത സ്തനാർബുദത്തിനെതിരായ പോരാട്ടത്തിനിറങ്ങാൻ മറ്റൊരു കാരണം കൂടിയുണ്ട്. പതിനാറാം വയസ്സിൽ സുചതയുടെ മാറിടത്തിൽ മുഴ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സുചത ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. സ്വന്തം അനുഭവത്തിൽ നിന്നാണ് സ്ത്രീകൾക്കിടയിൽ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി സംസാരിക്കാൻ തുടങ്ങിയതെന്നാണ് ഈ സുന്ദരി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നത്.
2003 സെപ്റ്റംബർ 30ന് തായ്ലൻഡിലെ ഫുകേതിലാണ് സുചത ജനിച്ചത്. സുക്സ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തായ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവിണ്യം നേടി. മനഃശാസ്ത്രത്തിലും നരവംശ ശാസ്ത്രത്തിലും താത്പര്യമുള്ള സുചത നിലവിൽ ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദ വിദ്യാർഥിയാണ്. ഉക്കുലേലെ എന്ന സംഗീതോപകരണം വായിക്കുന്നതിലും സുചത കഴിവുതെളിയിച്ചിട്ടുണ്ട്. മൃഗസ്നേഹിയായ സുചതയ്ക്ക് നിരവധി വളർത്തുമൃഗങ്ങളുണ്ട്.
2025 ഏപ്രിൽ 22നാണ് മിസ് തായ്ലൻഡായി ഒപൽ സുചതയെ തിരഞ്ഞെടുത്തത്. 2024ലെ മിസ് യൂണിവേഴ്സ് മത്സരത്തിലും സുചത തായ്ലൻഡിനെ പ്രതിനീധികരിച്ചു. ഈ മത്സരത്തിൽ തേഡ് റണ്ണറപ്പായിരുന്നു. ‘നിങ്ങളുടെ പ്രവൃത്തികളിലൂടെ ആളുകളെ അനുകമ്പയുള്ളവാരാക്കുക എന്നതാണ് ഈ ലോകത്തോട് ചെയ്യാവുന്ന ഏറ്റവും നല്ലകാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു.’– എഴുപത്തിരണ്ടാമത് ലോകസുന്ദരി കിരീടം അണിഞ്ഞുകൊണ്ട് ഒപൽ സുചത പറഞ്ഞത് ഇങ്ങനെയായിരുന്നു.‘നിങ്ങളാരാണെന്നതിലോ നിങ്ങൾക്ക് എത്ര വയസ്സുണ്ടെന്നതിലോ ഏതു പദവിയിലിരിക്കുന്ന വ്യക്തിയാണെന്നതിലോ കാര്യമില്ല. എപ്പോഴും നിങ്ങളെ ശ്രദ്ധിക്കുന്ന ആരെങ്കിലും ചുറ്റിലുമുണ്ടാകും. അത് ചിലപ്പോൾ ഒരു കുട്ടിയാകാം, യുവാവാകാം, അല്ലെങ്കിൽ മാതാപിതാക്കൾ തന്നെയായിരിക്കാം. ആരുമായിക്കോട്ടെ, നിങ്ങളുടെ പ്രവൃത്തിയിലൂടെ അവർ നന്മയിലേക്കു നയിക്കപ്പെടുന്നെങ്കിൽ അതാണ് നമുക്ക് ജനങ്ങൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം’– സുചത പറഞ്ഞു.
