മാർക്സിസ്റ്റ് ഗറില്ല നേതാവും ഉറുഗ്വേ മുൻ പ്രസിഡന്റുമായ ഹോസെ മുഹിക (89) അന്തരിച്ചു. അര്‍ബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമന്‍ഡു ഓര്‍സിയാണ് മരണവിവരം പുറത്തുവിട്ടത്.
എളിമയാര്‍ന്ന ജീവിതശൈലികൊണ്ട് ‘ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്’ എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇതിനെ അദ്ദേഹം തന്നെ തിരുത്തുന്നുണ്ട്. ‘ഞാന്‍ ഒരു ദരിദ്രനായ പ്രസിഡന്റല്ല; ദരിദ്രന് ആവശ്യങ്ങള്‍ ധാരാളമുള്ള ഒരാളാണ്. ഞാന്‍ ശാന്തനായ ഒരു പ്രസിഡന്റാണ്. ജീവിക്കാന്‍ എനിക്ക് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കാരണം ഞാന്‍ പ്രസിഡന്റാകുന്നതിന് വളരെ മുമ്പു ജീവിച്ചതുപോലെയാണ് ഇപ്പോഴും ജീവിക്കുന്നത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗര്‍ഭഛിദ്രവും സ്വവര്‍ഗ വിവാഹവും അനുവദിക്കുന്നതുള്‍പ്പെടെ നിരവധി നിലപാടുകള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സ്വീകരിച്ചു. പ്രസിഡന്റായിരിക്കെ ഔദ്യോഗിക വസതിയില്‍ തങ്ങാതെ തന്റെ ചെറിയ വീട്ടിലാണ് താമസിച്ചത്. രാജ്യത്ത് പെപ്പെ എന്നറിയപ്പെട്ടിരുന്ന മുഹികയുടെ ലളിത ജീവിതം ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ക്യൂബന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1960 കളിലും 70 കളിലും സായുധ കലാപം ആരംഭിച്ച ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ പ്രധാന വ്യക്തിയായി അദ്ദേഹം മാറി. ഉറുഗ്വേയില്‍ സൈനിക സ്വേച്ഛാധിപത്യം നിലനിന്നിരുന്ന കാലത്ത് അദ്ദേഹത്തെ ഏകദേശം 15 വര്‍ഷം ജയിലില്‍ അടച്ചു.
തന്റെ 𝟱 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ അദ്ദേഹം കൊണ്ടുവന്നു. തൊഴിലവസരങ്ങളും, കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി. അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്തെ വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 𝟱𝟬𝟬𝟬𝟬 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.
രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് ” സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി “എന്ന്.
രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി. മാസം 𝟭𝟯𝟯𝟬𝟬 ഡോളര്‍. തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 𝟭𝟮𝟬𝟬𝟬 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 𝟭𝟯𝟬𝟬 ഡോളറില്‍ 𝟳𝟳𝟱 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ഹോസെ മുഹിക തന്റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും, ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.
പ്രസിഡണ്ട് ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്കി.
പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂ കൃഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
