കാനഡയുടെ പുതിയ വിദേശ കാര്യമന്ത്രിയായി ചുമതലയേറ്റെടുത്ത വ്യക്തിയാണ് ഇന്ത്യൻ വംശജയായ അനിത ആനന്ത്. മാർക്ക് കാർനി മന്ത്രിസഭാ പുനഃസംഘടന നടത്തിയതിന്റെ ഭാഗമായിട്ടാണ് അനിതയ്ക്ക് പുതിയ മന്ത്രി സ്ഥാനം ലഭിച്ചത്.കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. വിദേശകാര്യ മന്ത്രി ചുമതല നിര്‍വഹിച്ചിരുന്ന മെലാനി ജോളിയാണ് പുതിയ വ്യവസായ മന്ത്രി.
കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കാബിനറ്റ് നിയമനങ്ങളിലും അവര്‍ ഈ പാരമ്പര്യം തന്നെയാണ് പിന്തുടര്ന്നത്. 28 മന്ത്രിമാര്‍ ഉള്‍പ്പെടുന്ന തരത്തിലാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ മന്ത്രിസഭയെ പ്രധാനമന്ത്രി കാര്‍ണി പുനഃസംഘടിപ്പിച്ചത്. ജസ്റ്റിന് ട്രൂഡോ കാലഘട്ടത്തില്‍ നിന്ന് ഒരു പുതിയ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിമാരെയും അവതരിപ്പിച്ചു. സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്. കാനഡ-യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ക്കിടെ കനേഡിയന്മാര് ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ മാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചതായി മിസ്റ്റര്‍ കാര്‍ണി പറഞ്ഞു.
