ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ ഇടപെടലിനെ തുടർന്നെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ആഗ്രഹിക്കുന്നത് ലോകത്തിന്റെ സമാധാനമാണെന്നും ട്രംപ് പറഞ്ഞു. സൗദി സന്ദർശനത്തിനിടെയാണ് ഇന്ത്യാ-പാക് വെടിനിർത്തൽ സാധ്യമാക്കിയത് താനാണെന്ന് ട്രംപ് ആവർത്തിച്ചത്.
സൗദി കിരീടാവകാശിയെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഠിനാധ്വാനിയെന്ന് ട്രംപ് പറഞ്ഞു. സിറിയക്കെതിരെയുള്ള ഉപരോധം പിൻവലിക്കും. ഇറാൻ അവരുടെ കൃഷിയിടങ്ങൾ മരുഭൂമികളാക്കി മാറ്റി. സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലാണ് ഇറാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് – ട്രംപ് പറഞ്ഞു.
അതേസമയം, ഇന്ത്യാ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റിന്റെ വാദം ഇന്ത്യ ഇന്ന് തള്ളിയിരുന്നു. വെടിനിർത്തലിൽ മധ്യസ്ഥ ചർച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷൻ സിന്ദൂറിൽ അമേരിക്കയുമായി ചർച്ച നടത്തിയെങ്കിലും വ്യാപാരം ഉൾപ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്ഥാൻ സൈനിക നീക്കം നിർത്തിയത്. ഇരു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാർ തമ്മിൽ മാത്രമാണ് ചർച്ച നടന്നത്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ലെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ആരാണ് പഹൽഗാം ഭീകരാക്രമണം നടത്തിയ ടിആർഎഫ് എന്ന സംഘടനയെ നിയന്ത്രിച്ചതെന്നതിന് തെളിവുണ്ട്. ലഷ്കർ ഇ തൊയ്ബ തന്നെയാണ് ടിആർഎഫിനെ നിയന്ത്രിച്ചത്. സംഘർഷം തീർക്കാനുള്ള താത്പര്യം ആദ്യം അറിയിച്ചത് പാകിസ്ഥാനാണ്. അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ നടത്തിയ മധ്യസ്ഥ ചർച്ചയല്ല വെടിനിർത്തലിലേക്ക് എത്താൻ കാരണം. സൈനിക തലത്തിൽ നടത്തിയ ചർച്ച മാത്രമാണ് അതിലേക്ക് നയിച്ചതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
